വിദ്യാർഥികളിലെ ലഹരി ഉപയോഗം തടയണം; അമിത സ്ക്രീൻ സമയം കുറയ്ക്കാൻ അധ്യാപകർ ഇടപെടണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: വിദ്യാർഥികളിലെ ലഹരി ഉപയോഗവും അമിതമായ സ്ക്രീൻ സമയവും നിയന്ത്രിക്കുന്നതിൽ അധ്യാപകർ കൂടുതൽ സജീവമായി ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധ്യാപകദിനത്തോടനുബന്ധിച്ച് ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
പഠനത്തിലെ മാർക്കുകൾക്ക് പുറമെ വിദ്യാർഥികളുടെ പെരുമാറ്റത്തിലെ മാറ്റങ്ങളും അധ്യാപകർ ശ്രദ്ധിക്കണമെന്ന് മോദി പറഞ്ഞു. പ്രത്യേകിച്ച് വലിയ നഗരങ്ങളിലെയും സർവകലാശാലകളിലെയും വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തിരിച്ചറിയുന്നതിൽ അധ്യാപകരുടെ ജാഗ്രത പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടികൾ മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും അമിതമായി ഉപയോഗിക്കുന്നതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികൾ എത്ര സമയം സ്ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുന്നു, രാത്രിയിൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ മാതാപിതാക്കളുമായി അധ്യാപകർ ചർച്ച ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.
സ്ക്രീൻ ഉപയോഗം കുറയ്ക്കുന്നതിനായി കായിക പ്രവർത്തനങ്ങൾ, ശാരീരിക വ്യായാമം, കലാ-സർഗാത്മക പ്രവർത്തനങ്ങൾ തുടങ്ങിയവയിലേക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും മോദി പറഞ്ഞു. കുട്ടികളുടെ സ്വാഭാവിക ജിജ്ഞാസയും സർഗാത്മകതയും സംരക്ഷിക്കുന്നതിനൊപ്പം ബാല്യത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിലും അധ്യാപകർക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷത്തെ ദേശീയ അധ്യാപക പുരസ്കാരത്തിന് 82 അധ്യാപകരെയാണ് തെരഞ്ഞെടുത്തത്. പാഠപുസ്തകങ്ങളിലെ പഠനത്തിനപ്പുറം കുട്ടികളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും അവരുടെ സമഗ്രമായ വളർച്ചയ്ക്ക് പിന്തുണ നൽകുകയും ചെയ്യണമെന്ന സന്ദേശമാണ് അധ്യാപകദിനത്തിൽ പ്രധാനമന്ത്രി മുന്നോട്ടുവച്ചത്.