ഹൈദരാബാദിൽ ലഹരിമരുന്ന് വിൽപ്പന; ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിൽ
ഹൈദരാബാദിൽ ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ ബംഗ്ലാദേശ് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതി പിടിയിലായതെന്നാണ് റിപ്പോർട്ട്.
പൊച്ചമ്മ ബസ്തിയിലെ ഷെയ്ഖ്പേട്ടിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് 30 വയസ്സുകാരിയായ യുവതിയെയും ഇവരുടെ കൂടെ താമസിച്ചിരുന്ന 35 വയസ്സുകാരനായ സോഫ്റ്റ്വെയർ ജീവനക്കാരനെയും പിടികൂടിയത്. ഇവരിൽനിന്ന് ഒരു ഗ്രാം സിന്തറ്റിക് ലഹരിമരുന്നും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഹൈദരാബാദിലെ ഈഗിൾ ഫോഴ്സും റായ്ദുർഗം പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
ധാക്ക സ്വദേശിനിയായ യുവതി 2021 ഡിസംബർ മുതൽ ഇന്ത്യയിലെത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കോവിഡ് കാലത്ത് വസ്ത്രനിർമാണ മേഖലയിലെ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് തൊഴിൽ തേടി ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ യുവതിയെ ഒരു ഇടനിലക്കാരൻ വഴിയാണ് അനാശാസ്യ പ്രവർത്തനങ്ങളിലേക്ക് എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പിന്നീട് വിവിധ നഗരങ്ങളിൽ ഇടനിലക്കാരുടെ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
പിന്നീട് സിന്തറ്റിക് ലഹരിമരുന്നിന് അടിമയായ യുവതി ഗോവയിൽനിന്നുള്ള ആകാശ് എന്ന വിതരണക്കാരനുമായി ബന്ധം സ്ഥാപിച്ചതായും പൊലീസ് അറിയിച്ചു. ഇയാൾ രഹസ്യമായി ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നുവെന്നും തുടർന്ന് യുവതി ഉപഭോക്താക്കൾക്കും പരിചയക്കാർക്കും ലഹരിമരുന്ന് വിതരണം ചെയ്യാൻ തുടങ്ങിയെന്നുമാണ് ആരോപണം.
ഗോവയിൽനിന്ന് ലഹരിമരുന്നുമായി യുവതി തിരിച്ചെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേസിൽ ആകാശ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. Telangana Today