സ്കൂൾ ഉച്ചഭക്ഷണത്തിൽ മുട്ട തുടരും; വെഗൻ ഭക്ഷണ വിവാദത്തിനിടെ ബംഗാൾ സർക്കാരിന്റെ ഉറപ്പ്

 
National

കൊൽക്കത്ത: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് മുട്ട ഒഴിവാക്കുമെന്ന ആശങ്കയും വെഗൻ ഭക്ഷണരീതിയെ അടിച്ചേൽപ്പിക്കുന്നുവെന്ന വിവാദവും ശക്തമായിരിക്കെ, വിദ്യാർത്ഥികൾക്ക് മുട്ട നൽകുന്നത് തുടരുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ വ്യക്തമാക്കി. കുട്ടികളുടെ പോഷകാഹാരത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചു. 

കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ ചില സ്കൂളുകളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ചുമതല ഇസ്‌കോണിന് നൽകിയ സാഹചര്യത്തിലാണ് വിവാദം ഉയർന്നത്. ഇസ്‌കോൺ തയ്യാറാക്കുന്ന സസ്യാഹാര ഭക്ഷണത്തിനൊപ്പം മുട്ട പ്രത്യേകം സ്വയംസഹായ സംഘങ്ങൾ വഴി വിതരണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിലൂടെ സസ്യാഹാര പാചകരീതിയും വിദ്യാർത്ഥികളുടെ പോഷകാഹാര ആവശ്യവും ഒരുപോലെ സംരക്ഷിക്കാനാണ് തീരുമാനം. 

മുട്ട ഒഴിവാക്കുന്നത് കുട്ടികളുടെ പോഷകാഹാരത്തെ ബാധിക്കുമെന്ന ആശങ്ക വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തി, സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ മുട്ട തുടരുമെന്നും അതുസംബന്ധിച്ച നയത്തിൽ മാറ്റമില്ലെന്നും ആവർത്തിച്ച് വ്യക്തമാക്കിയത്.