വൈദ്യുതി ആവശ്യം ഉയരുമെന്ന് വിലയിരുത്തൽ
രാജ്യത്ത് വരും മാസങ്ങളിൽ വൈദ്യുതി ആവശ്യകത ഉയരുമെന്ന വിലയിരുത്തലിനെ തുടർന്ന് 112 ക്യാപ്റ്റീവ് കൽക്കരി വൈദ്യുത നിലയങ്ങളോട് ഒക്ടോബർ 1 മുതൽ വർഷാവസാനം വരെ പരമാവധി ശേഷിയിൽ പ്രവർത്തിക്കാൻ കേന്ദ്ര വൈദ്യുതി മന്ത്രാലയം നിർദേശം നൽകി. സെപ്റ്റംബർ 25-ന് പുറപ്പെടുവിച്ച ഉത്തരവ് അടിയന്തര വ്യവസ്ഥകൾ പ്രകാരമാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
50 മെഗാവാട്ടോ അതിൽ കൂടുതലോ സ്ഥാപിത ശേഷിയുള്ള നിലയങ്ങളാണ് നിർദേശത്തിന്റെ പരിധിയിൽ വരുന്നത്. അലുമിനിയം, സ്റ്റീൽ, സിമന്റ്, എണ്ണശുദ്ധീകരണം തുടങ്ങിയ വ്യവസായ സ്ഥാപനങ്ങൾക്ക് പ്രധാനമായും വൈദ്യുതി നൽകുന്ന ക്യാപ്റ്റീവ് പ്ലാന്റുകളാണിവ. അധിക വൈദ്യുതി ലഭ്യമാണെങ്കിൽ പവർ എക്സ്ചേഞ്ചുകൾ വഴി വിൽക്കാനും നിർദേശമുണ്ട്.
വൈദ്യുതി ആവശ്യകത ഉയരുന്നതിനൊപ്പം രാജ്യത്തെ ഏകദേശം 40 ശതമാനം കൽക്കരി വൈദ്യുത നിലയങ്ങളിലും ഇന്ധനശേഖരം നിർണായകമായി കുറഞ്ഞ നിലയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എൽ നിനോ മൂലമുള്ള ഉയർന്ന താപനിലയും വൈദ്യുതി ആവശ്യകത വർധിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലയങ്ങൾ വൈദ്യുതി ഉൽപ്പാദനം, ആഭ്യന്തര ഉപയോഗം, വിൽപ്പന, ലഭ്യമായ ശേഷി, കൽക്കരി ശേഖരം എന്നിവ സംബന്ധിച്ച വിവരങ്ങൾ ആഴ്ചതോറും കേന്ദ്ര വൈദ്യുതി അതോറിറ്റിക്ക് നൽകണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ഗുജറാത്തിലെ ടാറ്റ പവറിന്റെ ഇറക്കുമതി കൽക്കരി ഉപയോഗിക്കുന്ന മുണ്ട്ര നിലയത്തെയും ഡിസംബർ 31 വരെ പൂർണ ശേഷിയിൽ പ്രവർത്തിപ്പിക്കാനുള്ള മുൻ നിർദേശം നീട്ടിയിട്ടുണ്ട്.