ആകാശവാണി ഭവനിൽ അനുമതിയില്ലാതെ പ്രവേശനം
ന്യൂഡൽഹി: ആകാശവാണി ഭവൻ പരിസരത്ത് അനുമതിയില്ലാതെ പ്രവേശിച്ച് പ്രതിഷേധം നടത്തിയെന്നാരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് എം.പി. പ്രിയങ്ക ഗാന്ധി വാദ്രയ്ക്കുമെതിരെ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മറ്റ് ഇന്ത്യാ മുന്നണി എം.പിമാരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യാ മുന്നണി നടത്തിയ മാർച്ചിനിടെയാണ് സംഭവം. പാർലമെന്റ് മന്ദിരത്തിൽ നിന്ന് നിർവാചൻ സദനിലേക്ക് മാർച്ച് നടത്താൻ ഔദ്യോഗിക അനുമതി തേടുകയോ ലഭിക്കുകയോ ചെയ്തിരുന്നില്ലെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രതിപക്ഷ നേതാക്കൾ റോഡിൽ പ്രതിഷേധം നടത്തുകയായിരുന്നു.
തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ ആകാശവാണി ഭവൻ പരിസരത്തേക്ക് പ്രവേശിച്ച് പ്രതിഷേധം തുടർന്നു. പരിസരം ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരെ കാണാൻ എം.പിമാരുടെ പ്രതിനിധി സംഘത്തിന് അനുമതി നൽകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നേതാക്കൾ നിലപാടെടുത്തു.
സംഘർഷസാധ്യത ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമായി പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കി കസ്റ്റഡിയിലെടുത്തു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം ഏകദേശം 260 പേരെയാണ് അന്ന് കസ്റ്റഡിയിലെടുത്തത്. ഇതിൽ 10 എം.പിമാരും ഉൾപ്പെട്ടിരുന്നു. പിന്നീട് എല്ലാവരെയും വിട്ടയച്ചു.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധിക്കുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തായിരുന്നു ഇന്ത്യാ മുന്നണിയുടെ മാർച്ച്. ആകാശവാണി ഭവനിലേക്കുള്ള അനുമതിയില്ലാത്ത പ്രവേശനവും തുടർന്നുണ്ടായ പ്രതിഷേധവുമാണ് ഇപ്പോൾ പൊലീസ് കേസിന് കാരണമായത്.