പത്തുവർഷം ഭരിച്ചിട്ടും കോൺഗ്രസിനെ വിമർശിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്യുന്നത്; മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: പത്തുവർഷം ഭരിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെ വിമർശിക്കുക മാത്രമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തോട് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദണ്ഡി മാർച്ചിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുക്കാത്ത ഭരണഘടനയിൽ വിശ്വാസമില്ലാത്തവർക്ക് കോൺഗ്രസ് പാർട്ടിയോട് ദേശസ്നേഹം പ്രസംഗിക്കാൻ ധൈര്യമുണ്ടെന്ന് ഖാർഗെ ചോദിച്ചു. നുണകൾ പ്രചരിപ്പിക്കുമെന്നതാണ് മോദിയുടെ ഉറപ്പ്.
യുപിഎയുടെ കാലത്തെ അപേക്ഷിച്ച് പ്രധാനമന്ത്രിയുടെ കാലത്ത് ജിഡിപി വളർച്ച കുറവാണ്. 14 കോടി ജനങ്ങളെ പട്ടിണിയിൽ നിന്ന് മോചിപ്പിച്ച ഭരണമായിരുന്നു നമ്മുടേത്. ആധാ ബാങ്ക് അക്കൗണ്ട് ലിങ്കിംഗിലൂടെ ഡിജിറ്റൽ ഇന്ത്യ ആരംഭിച്ചത് യുപിഎ സർക്കാരാണ്,' അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗത്തിനും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയുടെ പ്രസ്താവനയ്ക്കും പിന്നാലെ അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകൾ കടക്കില്ലെന്ന് ഉറപ്പാണെന്ന് നരേന്ദ്ര മോദി രാജ്യസഭയിൽ പറഞ്ഞു. കോൺഗ്രസിന് 40 സീറ്റെങ്കിലും ലഭിക്കാൻ പ്രാർത്ഥിക്കുമെന്നും പ്രധാനമന്ത്രി പരിഹസിച്ചു.