ഉത്തർപ്രദേശിൽ എക്സ്പ്രസ് വേ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം
ഉത്തർപ്രദേശിലെ എക്സ്പ്രസ് വേ, വ്യവസായ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പദ്ധതികൾക്കായി അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളും തൊഴിലവസരങ്ങളും സംസ്ഥാനത്തെ യുവാക്കൾക്കും പ്രാദേശിക ജനങ്ങൾക്കും നേരിട്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞായറാഴ്ച ലഖ്നൗവിൽ ചേർന്ന സ്റ്റേറ്റ് ട്രാൻസ്ഫർമേഷൻ കമ്മീഷൻ യോഗത്തിലാണ് നിർദേശങ്ങൾ നൽകിയത്.
ചിത്രകൂട് ലിങ്ക് എക്സ്പ്രസ് വേയുടെ ടെൻഡർ നടപടികൾ നവംബർ 30നകം പൂർത്തിയാക്കുമെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു. ഫറൂഖാബാദ് ലിങ്ക് എക്സ്പ്രസ് വേയ്ക്ക് 91.46 ശതമാനവും ആഗ്ര-ലഖ്നൗ-പൂർവാഞ്ചൽ ലിങ്ക് എക്സ്പ്രസ് വേയ്ക്ക് 82.98 ശതമാനവും ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഝാൻസി ലിങ്ക് എക്സ്പ്രസ് വേയ്ക്ക് 86.04 ശതമാനവും ജേവർ ലിങ്ക് എക്സ്പ്രസ് വേയ്ക്ക് 83.45 ശതമാനവും ഭൂമി ലഭ്യമായിട്ടുണ്ട്. മീററ്റ്-ഹരിദ്വാർ, വിംധ്യ, വിംധ്യ-പൂർവാഞ്ചൽ സ്പർ എക്സ്പ്രസ് വേകളുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
സംസ്ഥാനത്തെ 88 വകുപ്പുകളിലായി ജോലി ചെയ്യുന്ന 3,10,437 ഔട്ട്സോഴ്സിങ് ജീവനക്കാർക്ക് പുതുക്കിയ വേതനം പൂർണമായും കൃത്യസമയത്തും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യോഗി ആവശ്യപ്പെട്ടു. ഗ്രേറ്റർ നോയിഡയിലെ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ഹബ്ബിന്റെ സാമ്പത്തിക ടെൻഡർ നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനും നിർദേശമുണ്ട്. വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിനൊപ്പം അതിലൂടെ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ പ്രാദേശിക യുവാക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.
സർക്കാരിന്റെ സീറോ പോവർട്ടി പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ 12.50 ലക്ഷം കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും ക്ഷേമ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനും യോഗി നിർദേശം നൽകി. അർഹരായ കുടുംബങ്ങൾക്ക് 59,447 വീടുകൾക്ക് അനുമതി നൽകിയതായും 1,04,583 കുടുംബങ്ങൾക്ക് ആയുഷ്മാൻ കാർഡുകൾ ലഭ്യമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. 10.60 ലക്ഷം കുടുംബങ്ങളിൽനിന്ന് ഓരോരുത്തർക്ക് വീതം തൊഴിൽപരിശീലനം നൽകാനും പദ്ധതിയുണ്ട്. തൊഴിൽപരിശീലനം വേഗത്തിലാക്കി കൂടുതൽ യുവാക്കൾക്ക് ജോലി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.