എഫ്‌സിആർഎ ഭേദഗതി ബിൽ ജെപിസിക്ക്; പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭയിൽ പ്രമേയം പാസാക്കി
വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA) ഭേദഗതി ബിൽ വിശദമായ പരിശോധനയ്ക്കായി സംയുക്ത പാർലമെന്ററി സമിതിക്ക് (JPC) വിടാനുള്ള പ്രമേയം ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെയാണ് നടപടി.
2026ലെ FCRA ഭേദഗതി ബിൽ മാർച്ച് 25നാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്. വിദേശ സംഭാവന സ്വീകരിക്കുന്ന സംഘടനകളുടെ രജിസ്ട്രേഷൻ അവസാനിക്കുന്ന സാഹചര്യത്തിൽ അവയുടെ ആസ്തികൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക Designated Authority രൂപീകരിക്കുകയാണ് ബില്ലിലെ പ്രധാന നിർദേശങ്ങളിലൊന്ന്.
FCRA രജിസ്ട്രേഷൻ റദ്ദാക്കുകയോ സംഘടന രജിസ്ട്രേഷൻ സ്വമേധയാ ഉപേക്ഷിക്കുകയോ പുതുക്കൽ നടത്താതിരിക്കുകയോ ചെയ്താൽ വിദേശ ഫണ്ട് ഉപയോഗിച്ച് സൃഷ്ടിച്ച ആസ്തികൾക്ക് സർക്കാർ നിയന്ത്രണം ലഭിക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ഇതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആശങ്കകളിലൊന്ന്.
31 അംഗങ്ങളുള്ള സംയുക്ത പാർലമെന്ററി സമിതിയിലാകും ബിൽ വിശദമായി പരിശോധിക്കുക. ഇതിൽ 21 പേർ ലോക്‌സഭയിൽ നിന്നും 10 പേർ രാജ്യസഭയിൽ നിന്നുമാകും.
ബിൽ ജെപിസിക്ക് വിടാനുള്ള നീക്കത്തെ സർക്കാർ വിശദമായ പരിശോധനയ്ക്കുള്ള അവസരമായാണ് കാണുന്നത്. അതേസമയം, നിർദേശങ്ങൾ സംഘടനകളുടെയും സന്നദ്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.