പഞ്ചാബിലെ സ്ത്രീകൾക്ക് ജൂലൈ 1 മുതൽ സാമ്പത്തിക സഹായം

 ₹3,000 മുതൽ ₹4,500 വരെ ലഭിക്കുമെന്ന് കെജ്‌രിവാൾ
 
Nat

ന്യൂഡൽഹി: പഞ്ചാബിലെ അർഹരായ സ്ത്രീകൾക്ക് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായ പദ്ധതിയുടെ ആദ്യ ഗഡു ജൂലൈ 1 മുതൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യുമെന്ന് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കുള്ള തുക ഒരുമിച്ച് ഒറ്റ ഗഡുവായാണ് വിതരണം ചെയ്യുക. 

പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിലെ സ്ത്രീകൾക്ക് ₹3,000 (മാസം ₹1,000 വീതം) ലഭിക്കും. പട്ടികജാതി (SC) വിഭാഗത്തിലെ സ്ത്രീകൾക്ക് ₹4,500 (മാസം ₹1,500 വീതം) നൽകും. ഒരു കുടുംബത്തിൽ ഒന്നിലധികം അർഹരായ സ്ത്രീകളുണ്ടെങ്കിൽ ഓരോരുത്തർക്കും ആനുകൂല്യം ലഭിക്കുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി. 

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടുള്ള 'മുഖ്യമന്ത്രി മാവാൻ-ധിയാൻ സത്കാർ യോജന' പദ്ധതിയുടെ ഭാഗമായാണ് സഹായം വിതരണം ചെയ്യുന്നത്. പദ്ധതിയെ "ലോകത്തിലെ ഏറ്റവും വലിയ വനിതാ ശാക്തീകരണ പദ്ധതി" എന്നാണ് കെജ്‌രിവാൾ വിശേഷിപ്പിച്ചത്. 

മുഖ്യമന്ത്രി ഭഗവന്ത് മാൻ പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ ₹9,300 കോടി വകയിരുത്തിയിട്ടുണ്ടെന്നും ഏകദേശം 52 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്. സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കുന്ന അർഹരായ സ്ത്രീകൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുമെന്ന് സർക്കാർ അറിയിച്ചു.