നവി മുംബൈ വിമാനത്താവളത്തിൽ നിന്ന് ആദ്യ അന്താരാഷ്ട്ര വിമാനം പറന്നു

ആഗോള വ്യോമഗതാഗതത്തിന് പുതിയ കവാടം തുറന്ന് മഹാരാഷ്ട്ര
 
National

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യ അന്താരാഷ്ട്ര സർവീസ് ബുധനാഴ്ച സർവീസ് ആരംഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബിയിലേക്കുള്ള വിമാനമാണ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ആദ്യ അന്താരാഷ്ട്ര സർവീസ്. ഇതോടെ മുംബൈ മെട്രോപൊളിറ്റൻ മേഖലയ്ക്ക് രണ്ടാമത്തെ അന്താരാഷ്ട്ര വ്യോമഗതാഗത കേന്ദ്രം ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി. 

ആദ്യഘട്ടത്തിൽ അബുദാബിയിലേക്കാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. തുടക്കത്തിൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് നടത്തുക. പിന്നീട് സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. രാജ്യത്തെ തിരക്കേറിയ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിലും പുതിയ വിമാനത്താവളം നിർണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ. 

ഘട്ടംഘട്ടമായി വികസിപ്പിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പൂർണമായി പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിവർഷം ഏകദേശം 9 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാകും. അന്താരാഷ്ട്ര യാത്ര, ചരക്ക് ഗതാഗതം, വ്യാപാരം എന്നിവയ്ക്ക് വലിയ ഉത്തേജനമാകുന്ന പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്.