സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 27 വരെ റദ്ദാക്കി; യാത്രക്കാർക്ക് റീഫണ്ട്, തീയതി മാറ്റാം

 
National

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കും അവിടെനിന്നുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 27 വരെ റദ്ദാക്കിയതായി ആകാശ എയർ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി.

വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ വാങ്ങുകയോ അധിക ചാർജ് നൽകാതെ യാത്രാ തീയതി മാറ്റുകയോ ചെയ്യാം. റീഫണ്ട് തുക ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പണമടച്ച അതേ മാർഗത്തിലൂടെ ഏഴ് ദിവസത്തിനുള്ളിൽ തിരികെ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ട്രാവൽ ഏജൻസികൾ വഴിയോ മറ്റ് ബുക്കിങ് പങ്കാളികൾ വഴിയോ ടിക്കറ്റ് എടുത്തവർ റീഫണ്ട്, റീബുക്കിങ് നടപടികൾക്കായി അതത് ഏജൻസികളുമായി ബന്ധപ്പെടണം. നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ആകാശ എയറിന്റെ ഔദ്യോഗിക ഉപഭോക്തൃസേവന സംവിധാനങ്ങൾ വഴി സഹായം തേടാം.

മേഖലയിലെ സുരക്ഷാ ആശങ്കകൾ തുടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ കമ്പനി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. യാത്ര പുറപ്പെടുന്നതിന് മുമ്പ് ടിക്കറ്റ് നിലയും വിമാന സർവീസിന്റെ ഏറ്റവും പുതിയ വിവരങ്ങളും ഔദ്യോഗികമായി പരിശോധിക്കണമെന്ന് യാത്രക്കാർക്ക് നിർദേശമുണ്ട്.