ഉത്തർപ്രദേശിൽ പ്രളയഭീഷണി രൂക്ഷം; 23 ജില്ലകളിൽ വെള്ളപ്പൊക്കം, 16,000ലേറെ പേരെ മാറ്റിപ്പാർപ്പിച്ചു
ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ പ്രളയ സാഹചര്യം തുടരുന്നു. സംസ്ഥാനത്തെ 35 ജില്ലകളിൽ 23 ജില്ലകളെയാണ് നിലവിൽ പ്രളയം ബാധിച്ചിരിക്കുന്നത്. കനത്ത മഴയ്ക്കൊപ്പം ഗംഗ, യമുന, സരയൂ, ശാർദ തുടങ്ങിയ നദികളിലെ ജലനിരപ്പ് ഉയർന്നതും സ്ഥിതി കൂടുതൽ ഗുരുതരമാക്കി.
പ്രളയബാധിത മേഖലകളിൽ നിന്ന് ഇതുവരെ 16,784 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച മാത്രം 3,042 പേരെ രക്ഷപ്പെടുത്തി. നിരവധി താഴ്ന്ന പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയതോടെ സാധാരണ ജനജീവിതം തടസ്സപ്പെട്ടു.
രക്ഷാപ്രവർത്തനത്തിനായി 1,499 ബോട്ടുകളും മോട്ടോർബോട്ടുകളും വിന്യസിച്ചിട്ടുണ്ട്. 1,067 മെഡിക്കൽ സംഘങ്ങളെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചു. പ്രളയബാധിതർക്കായി ദുരിതാശ്വാസ ക്യാമ്പുകളും സമൂഹ അടുക്കളകളും പ്രവർത്തിക്കുന്നുണ്ട്.
വാരണാസിയിലും പ്രളയഭീഷണി ശക്തമാണ്. ഗംഗയിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കടന്നതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസി ജില്ലാ മജിസ്ട്രേറ്റുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഡൽഹി തുടങ്ങിയ മേഖലകളിൽ മഴയും വെള്ളക്കെട്ടും തുടരാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.