ഉത്തരവ് പാലിച്ച് വെള്ളം വിടണം'; കാവേരി തർക്കത്തിൽ കർണാടകയോട് സി.ഡബ്ല്യു.എം.എ

 
National

കാവേരി നദീജല തർക്കത്തിൽ തമിഴ്നാടിന് വെള്ളം വിട്ടുനൽകണമെന്ന മുൻ നിർദേശം കാവേരി ജല മാനേജ്മെന്റ് അതോറിറ്റി (CWMA) വീണ്ടും ശരിവച്ചു. അടുത്ത 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യൂസെക്‌സ് വെള്ളം തമിഴ്നാടിന് വിട്ടുനൽകണമെന്ന കാവേരി ജല നിയന്ത്രണ സമിതി (CWRC) ഉത്തരവ് പാലിക്കണമെന്ന് കർണാടകയോട് അതോറിറ്റി നിർദേശിച്ചു. 

ന്യൂഡൽഹിയിൽ ചേർന്ന സി.ഡബ്ല്യു.എം.എ യോഗത്തിൽ കർണാടകയുടെ എതിർപ്പുകൾ പരിഗണിച്ചെങ്കിലും വെള്ളം വിട്ടുനൽകേണ്ടതില്ലെന്ന ആവശ്യം അംഗീകരിച്ചില്ല. മഴക്കുറവും സംസ്ഥാനത്തെ ജലക്ഷാമ സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു കർണാടക ഉത്തരവിനെതിരെ നിലപാട് സ്വീകരിച്ചത്. 

അതേസമയം, സി.ഡബ്ല്യു.എം.എയുടെ തീരുമാനത്തെ തുടർന്ന് കർണാടകയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. വിഷയത്തിൽ തുടർനടപടികൾ തീരുമാനിക്കാൻ സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. കർഷക സംഘടനകളും വിവിധ കന്നഡ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.