റോഡുകളിലെ നടപ്പാത കൈയേറ്റമില്ലാതെ ഉറപ്പാക്കണം; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദേശം
രാജ്യത്തെ എല്ലാ റോഡുകളിലും കാൽനട യാത്രക്കാർക്കായി വ്യക്തമായി വേർതിരിച്ചും കൈയേറ്റമില്ലാതെയും നടപ്പാത ഒരുക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. ഇതിനായി വലിയ നിർമാണങ്ങളോ അധിക ചെലവുകളോ ആവശ്യമില്ലെന്നും, നിലവിലുള്ള സ്ഥലങ്ങൾ വ്യക്തമായി അടയാളപ്പെടുത്തി സംരക്ഷിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ പി. എസ്. നരസിംഹ, അലോക് അറാധെ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. നടപ്പാതകൾ വാഹനപാതയിൽ നിന്ന് വ്യക്തമായി വേർതിരിക്കുകയും അവയിൽ കൈയേറ്റം നടക്കാതിരിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്രം രണ്ടാഴ്ചയ്ക്കകം ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകണമെന്നും കോടതി അറിയിച്ചു.
കാൽനടയാത്രക്കാർക്ക് ഭയമില്ലാതെ സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും, നടപ്പാതകൾ പൊതുജനങ്ങളുടെ അടിസ്ഥാന അവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ, അടയാളപ്പെടുത്തിയ നടപ്പാതയിലൂടെ നടക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.