ഫോം 6 വിവാദം: നേരത്തെ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നവർക്കും വീണ്ടും അപേക്ഷിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

വിശദീകരണത്തെ ‘വാക്കുകളിലെ കളി’യെന്ന് കോൺഗ്രസ്
 
National

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടിയായ എസ്.ഐ.ആറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് വീണ്ടും പേര് ചേർക്കുന്നതിനായി ഫോം 6 സമർപ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. നേരത്തെ വോട്ടർ പട്ടികയിൽ പേര് ഉണ്ടായിരുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നാണ് കമ്മീഷന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കമ്മീഷൻ കത്തയച്ചു.

ഫോം 6-ൽ ആദ്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നുവെന്ന പ്രഖ്യാപനം നൽകേണ്ടതുണ്ട്. നേരത്തെ വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുള്ളവർ വീണ്ടും ഈ ഫോം സമർപ്പിക്കുന്നത് തെറ്റായ പ്രഖ്യാപനമായി കണക്കാക്കപ്പെടുമോയെന്നും നിയമനടപടി നേരിടേണ്ടിവരുമോയെന്നും ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണവുമായി രംഗത്തെത്തിയത്.

മുൻപ് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നുവെന്ന കാരണത്താൽ മാത്രം ഫോം 6 സമർപ്പിക്കുന്നത് തെറ്റായ പ്രഖ്യാപനമായി കണക്കാക്കാനാവില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കുന്നവർക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ 31-ാം വകുപ്പ് പ്രകാരം നടപടി സ്വീകരിക്കില്ലെന്നും അറിയിച്ചു. എന്നാൽ അപേക്ഷകൻ മറ്റൊരു പാർലമെന്റ് മണ്ഡലത്തിലോ നിയമസഭാ മണ്ഡലത്തിലോ ഇതിനകം വോട്ടറായി രജിസ്റ്റർ ചെയ്തിരിക്കരുതെന്നും പ്രഖ്യാപനം നിയമാനുസൃതമായിരിക്കണമെന്നും കമ്മീഷൻ വ്യവസ്ഥവെച്ചിട്ടുണ്ട്.

ഡൽഹി ഹൈക്കോടതിയുടെ ഒക്ടോബർ 14-ലെ ഉത്തരവും കമ്മീഷൻ വിശദീകരണത്തിന് ആധാരമായി ചൂണ്ടിക്കാട്ടി. വോട്ടർ പട്ടികയിൽ നേരത്തെ പേരുണ്ടായിരുന്നവർക്ക് വീണ്ടും ഫോം 6 സമർപ്പിക്കുന്നതിൽ നിയമപരമായ ആശങ്ക വേണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിശദീകരണം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രാദേശിക ഭാഷകളിൽ വ്യാപകമായ പ്രചാരണം നടത്താനും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തെ കോൺഗ്രസ് ശക്തമായി വിമർശിച്ചു. കമ്മീഷന്റെ നടപടി ഒന്നും വ്യക്തമാക്കാത്ത മറ്റൊരു 'വാക്കുകളിലെ കളി' മാത്രമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. പിഴവുകളുള്ള എസ്.ഐ.ആർ നടപടിയെ ഇത്തരം വിശദീകരണങ്ങളിലൂടെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കിയ ശേഷം പുതിയ വോട്ടർമാരെന്ന നിലയിൽ വീണ്ടും അപേക്ഷിക്കാൻ ആവശ്യപ്പെടുന്നത് ആശങ്കാജനകമാണെന്നും എസ്.ഐ.ആർ നടപടിയുടെ അടിസ്ഥാനപ്രശ്നം പരിഹരിക്കാൻ ഈ വിശദീകരണത്തിന് കഴിയില്ലെന്നും കോൺഗ്രസ് ആരോപിച്ചു.