മുൻ സിബിഐ മേധാവി എം. നാഗേശ്വര റാവുവിന്റെ പാർട്ടി യുപി രാഷ്ട്രീയത്തിലേക്ക്

2027 തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തേടുന്നു
 
National

മുൻ സിബിഐ മേധാവി എം. നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള സർവജന സനാതൻ പാർട്ടി (SSP) ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ സജീവമാകുന്നു. 2027ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സ്ഥാനാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ കണ്ടെത്തുന്നതിനുള്ള ആദ്യഘട്ട നടപടികൾ പാർട്ടി ആരംഭിച്ചതായി റാവു അറിയിച്ചു.

ഏകദേശം ഒരു മാസം മുമ്പാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ എം. നാഗേശ്വര റാവു പാർട്ടിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റത്. വാരാണസിയിലെ കാശിയിൽനിന്നായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. നാലു പതിറ്റാണ്ടിനടുത്ത ഭരണപരവും പൊലീസ് സേവനരംഗത്തെയും അനുഭവസമ്പത്ത് രാഷ്ട്രീയ പ്രവർത്തനത്തിലൂടെ രാജ്യത്തിന് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ടത്തിൽ പ്രാഥമിക അപേക്ഷകളാണ് സ്വീകരിക്കുന്നത്. അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം. ഉത്തർപ്രദേശിലെ ഏതെങ്കിലും നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പേരുണ്ടായിരിക്കണം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനാ തീയതിയോടെ കുറഞ്ഞത് 25 വയസ്സ് പൂർത്തിയായിരിക്കണമെന്നും നിബന്ധനയുണ്ട്. പ്രാഥമിക പരിശോധനയിൽ യോഗ്യത നേടുന്നവരോട് രണ്ടാംഘട്ടത്തിൽ കൂടുതൽ വിവരങ്ങളും രേഖകളും ആവശ്യപ്പെടും.

വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗങ്ങൾ, ഇന്ത്യയുടെ സാംസ്കാരിക പൈതൃകവുമായുള്ള ബന്ധം എന്നിവയാണ് പാർട്ടിയുടെ പ്രധാന ആശയമേഖലകൾ. ആധുനിക വികസനത്തിനൊപ്പം രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാടാണ് പാർട്ടി മുന്നോട്ടുവയ്ക്കുന്നത്. സ്ഥാനാർഥികൾ പാർട്ടിയുടെ ആശയങ്ങളിലും നയങ്ങളിലും വിശ്വസിക്കുന്നവരായിരിക്കണമെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കുന്നതുകൊണ്ട് മാത്രം സ്ഥാനാർഥിത്വം ഉറപ്പാകില്ലെന്നും അന്തിമ തീരുമാനം പാർട്ടിയുടെ അധികാരപ്പെട്ട നേതൃത്വത്തിനായിരിക്കുമെന്നും റാവു വ്യക്തമാക്കി. 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ ശക്തിയായി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് സർവജന സനാതൻ പാർട്ടി.