മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ അന്തരിച്ചു
1984ലെ സിഖ് വിരുദ്ധ കലാപക്കേസുകളിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
1984ലെ കലാപവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതി 2018 ഡിസംബറിൽ സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഡൽഹി കന്റോൺമെന്റ് മേഖലയിൽ ഒരു സിഖ് കുടുംബത്തിലെ അഞ്ച് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഈ ശിക്ഷ.
2025ൽ ജസ്വന്ത് സിങ്, മകൻ തരൺദീപ് സിങ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട മറ്റൊരു 1984 കലാപക്കേസിലും സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. ഈ കേസുകളിലെ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണ് മരണം.
എന്നാൽ 1984ലെ കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സജ്ജൻ കുമാർ കുറ്റക്കാരനായി കണ്ടെത്തിയിരുന്നില്ല. 2026 ജനുവരിയിൽ ജനക്പുരി–വികാസ്പുരി മേഖലയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട ഒരു കേസിൽ ഡൽഹി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.