വെള്ളച്ചാട്ടം സന്ദർശിച്ചതിന് പിന്നാലെ കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു; അന്വേഷണം

 
National

ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരിയിൽ വെള്ളച്ചാട്ടം സന്ദർശിച്ചതിന് പിന്നാലെ ഒരേ കുടുംബത്തിലെ നാല് കുട്ടികൾ പത്ത് ദിവസത്തിനിടെ മരിച്ചു. മരണകാരണം വ്യക്തമല്ലാത്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

ഓഗസ്റ്റ് 16ന് ഗോറ ടിലയ്ക്ക് സമീപമുള്ള വെള്ളച്ചാട്ടത്തിൽ നാല് കുട്ടികളും കുളിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. ഓഗസ്റ്റ് 18 മുതൽ കുട്ടികൾക്ക് പനി, വയറുവേദന, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായി. തുടർന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. ഓഗസ്റ്റ് 21നും 31നും ഇടയിലാണ് നാല് പേരും മരിച്ചത്.

മരിച്ചവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ്‌ എണ്ണം പെട്ടെന്ന് കുറഞ്ഞതായും ഒരു കുട്ടിയുടെ നില ഗുരുതരമായി വഷളായതിനെ തുടർന്ന് ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതായും അധികൃതർ അറിയിച്ചു.

വെള്ളച്ചാട്ടത്തിലെ വെള്ളം മലിനമായതാകാം മരണത്തിന് കാരണമെന്ന സംശയം ബന്ധുക്കളും പ്രദേശവാസികളും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടവും ഇതുവരെ നടത്തിയിട്ടില്ല.

ആരോഗ്യവകുപ്പ് സംഘം കുടുംബത്തെ സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചു. മരിച്ച കുട്ടികളുടെ ചികിത്സാ രേഖകളും മറ്റ് പരിശോധനാഫലങ്ങളും പരിശോധിച്ച ശേഷമേ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂവെന്ന് ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.