രക്തദാനം മുതൽ ‘കലശയാത്ര’ വരെ; മോദിയുടെ 25 വർഷം, ഒരു മാസം നീളുന്ന ആഘോഷവുമായി ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ഒരു മാസം നീളുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ സംഘടിപ്പിക്കാൻ ബിജെപി. സെപ്റ്റംബർ 17ന് തുടങ്ങി ഒക്ടോബർ 17ന് അവസാനിക്കുന്ന ക്യാംപയിനിൽ രക്തദാന ക്യാംപുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ, സെമിനാറുകൾ, വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.
മോദിയുടെ ഭരണകാലത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ശ്രദ്ധേയമായ വികസന കേന്ദ്രങ്ങളിലേക്ക് യാത്രകളും പദ്ധതിയിലുണ്ട്. ഏകദേശം 50 ‘പരിവർത്തന കേന്ദ്രങ്ങൾ’ തിരഞ്ഞെടുത്ത് അവിടേക്ക് ഇൻഫ്ലുവൻസർമാരെയും ബ്ലോഗർമാരെയും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരെയും എത്തിച്ച് വികസനമാറ്റങ്ങൾ പരിചയപ്പെടുത്താനാണ് ബിജെപിയുടെ നീക്കം.
മോദിയുടെ ജന്മനാടായ വഡ്നഗറും ലോക്സഭാ മണ്ഡലമായ വാരണാസിയും ബന്ധിപ്പിച്ചുള്ള പരിപാടികളും ആഘോഷത്തിന്റെ ഭാഗമാകും. ഗുജറാത്തിൽ നിന്ന് വാരണാസിയിലേക്കും തിരിച്ചും ബൈക്ക് റാലി സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. വഡ്നഗറിൽ നിന്ന് ഗംഗാജലവും വാരണാസിയിൽ നിന്ന് ജലവും കൈമാറുന്ന പ്രതീകാത്മക പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.
സെപ്റ്റംബർ 17ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘ആശീർവാദ് കാ ദിയ’ തെളിയിക്കാനും പദ്ധതിയുണ്ട്. ഇതോടൊപ്പം ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള പരിപാടികളും സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ഒക്ടോബർ 17ന് ‘ജനസേവക് മഹാകുംഭ്’ എന്ന പേരിൽ പഞ്ചായത്തുതലം മുതൽ പാർലമെന്റ് വരെയുള്ള ജനപ്രതിനിധികളുടെ വലിയ സംഗമവും വന്ദേമാതരം ആലാപനവും നടത്താനാണ് നീക്കം.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ 2001 മുതൽ പൊതുഭരണ രംഗത്തെ 25 വർഷം പൂർത്തിയാക്കുന്നതാണ് ബിജെപി ആഘോഷിക്കുന്നത്. ഒരു മാസത്തെ പരിപാടികളിലൂടെ ഭരണനേട്ടങ്ങളും വിവിധ ക്ഷേമപദ്ധതികളും ജനങ്ങളിലേക്ക് കൂടുതൽ ശക്തമായി എത്തിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.