ഓൾഡ് മോങ്കിനെ ‘റം’ എന്ന പേരിൽ വിൽക്കാനാകില്ലെന്ന് FSSAI; ബോംബെ ഹൈക്കോടതിയിൽ നിലപാട്

 
National

മുംബൈ: ഓൾഡ് മോങ്കിനെ ‘റം’ എന്ന പേരിൽ വിൽക്കാൻ അനുവദിക്കാനാകില്ലെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ഉൽപ്പന്നം ന്യൂട്രൽ സ്പിരിറ്റും റം ഫ്ലേവറിംഗും ഉപയോഗിച്ചാണ് തയ്യാറാക്കുന്നതെന്നാണ് FSSAIയുടെ വാദം. അതിനാൽ ഇത് ‘റം-ഫ്ലേവേർഡ് സ്പിരിറ്റ്’ എന്ന രീതിയിൽ വിപണനം ചെയ്യാമെന്നാണ് അധികൃതരുടെ നിലപാട്. 

ഓൾഡ് മോങ്കിന്റെ നിർമാതാക്കളായ മോഹൻ മീക്കിൻ സമർപ്പിച്ച ലേബൽ സംബന്ധിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ഉൽപ്പന്നത്തിന്റെ ലേബലിൽ ‘റം’ എന്ന വിശേഷണം ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് പ്രധാന തർക്കം.

ഉൽപ്പന്നത്തിന്റെ പാക്കേജിങ്ങിൽ ‘7 Years Old Blended’, ‘Very Old Vatted’ തുടങ്ങിയ രേഖപ്പെടുത്തലുകളെയും നേരത്തെ കോടതി ചോദ്യം ചെയ്തിരുന്നു. ചേർത്ത ഫ്ലേവറുകൾ സംബന്ധിച്ച വിവരങ്ങൾ ലേബലിൽ കൂടുതൽ വ്യക്തമായി രേഖപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു. 

പുതിയ ലേബൽ രൂപകൽപ്പന സമർപ്പിക്കാൻ നിർമാതാക്കളോട് കോടതി നിർദേശിച്ചു. പുതുക്കിയ ലേബൽ പരിശോധിച്ച് ആവശ്യമായ അനുമതികൾ വേഗത്തിൽ നൽകാൻ സംസ്ഥാന എക്സൈസ് വകുപ്പിനോടും കോടതി നിർദേശിച്ചിട്ടുണ്ട്.