ജൂലൈ 15 മുതൽ ജനറൽ ട്രെയിൻ ടിക്കറ്റ് ചട്ടങ്ങളിൽ മാറ്റം; RailOne ഉപയോക്താക്കൾ അറിയേണ്ടത്

 
National

ന്യൂഡൽഹി: ജൂലൈ 15 മുതൽ റെയിൽവേയുടെ RailOne ആപ്പ് ഉപയോഗിച്ച് ജനറൽ (അൺറിസർവ്ഡ്) ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ പുതിയ പരിശോധനാ ചട്ടങ്ങൾ പാലിക്കേണ്ടിവരും. ടിക്കറ്റ് പരിശോധനയ്ക്കിടെ RailOne ആപ്പിലെ യഥാർഥ ഡിജിറ്റൽ ടിക്കറ്റ് മാത്രമേ സാധുവായി പരിഗണിക്കൂ. സ്ക്രീൻഷോട്ട്, PDF, ഫോട്ടോ, അല്ലെങ്കിൽ വാട്സ്ആപ്പ് വഴി ഫോർവേഡ് ചെയ്ത ടിക്കറ്റ് ഇനി അംഗീകരിക്കില്ല. 

ടിക്കറ്റ് ബുക്ക് ചെയ്ത അതേ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ തന്നെയാണ് ടിക്കറ്റ് പരിശോധനയ്ക്കായി കാണിക്കേണ്ടത്. കൂടാതെ, ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണമെന്നും റെയിൽവേ വ്യക്തമാക്കി. ട്രെയിൻ പുറപ്പെട്ടശേഷം ജനറേറ്റ് ചെയ്യുന്ന ടിക്കറ്റ് അസാധുവായി കണക്കാക്കും. 

ഡിജിറ്റൽ ടിക്കറ്റുകളുടെ ദുരുപയോഗം തടയാനും പരിശോധനാ നടപടികൾ കൂടുതൽ സുരക്ഷിതമാക്കാനുമാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർ ടിക്കറ്റ് യാത്രയ്ക്കിടെ നേരിട്ട് RailOne ആപ്പിൽ ലഭ്യമാണെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.