ഹിമാചലിൽ ഹിമാനികൾ ഉരുകുന്നു; തടാകങ്ങൾ വലുതാകുന്നു — 9 സ്ഥലങ്ങൾ GLOF ഹോട്ട്‌സ്‌പോട്ടുകൾ

 
National

ഷിംല: ഹിമാനികൾ അതിവേഗം ഉരുകുകയും അവയിൽനിന്നുള്ള ജലസമാഹരണം വർധിക്കുകയും ചെയ്യുന്നതിനിടെ ഹിമാചൽ പ്രദേശിലെ നിരവധി ഹിമാനി തടാകങ്ങളിൽ അപകടസാധ്യത ഉയരുന്നതായി ഐഐടി മാണ്ഡിയുടെ പഠനം. സംസ്ഥാനത്തെ 2,000-ത്തിലധികം ഹിമാനി തടാകങ്ങൾ പരിശോധിച്ച പഠനത്തിൽ 9 മുതൽ 12 വരെ തടാകങ്ങൾ നിർണായക അപകടസാധ്യതയുള്ളവയാണെന്ന് കണ്ടെത്തി. 

ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബർസ്റ്റ് ഫ്ലഡ് (GLOF) എന്നത് ഹിമാനി തടാകത്തിലെ ജലം പെട്ടെന്ന് പുറത്തേക്ക് ഒഴുകി താഴ്‌വരകളിൽ ശക്തമായ വെള്ളപ്പാച്ചിലിനും പ്രളയത്തിനും കാരണമാകുന്ന പ്രതിഭാസമാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഹിമാനികൾ ഉരുകുന്നതും തടാകങ്ങളുടെ വിസ്തീർണം വർധിക്കുന്നതും ഇത്തരം അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. 

ഗെപാൻ, യോചെ, കാളി കുണ്ട് തടാകങ്ങളിലാണ് തുടർച്ചയായ മാറ്റങ്ങളും വാർഷിക വിസ്തൃതി വർധനയും ശ്രദ്ധയിൽപ്പെട്ടതെന്ന് ഐഐടി മാണ്ഡി ഗവേഷകർ വ്യക്തമാക്കി. വാസുകി തടാകത്തിലും വലുപ്പത്തിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം, ദേശീയ ദുരന്തനിവാരണ അതോറിറ്റി (NDMA) അടിയന്തര ശ്രദ്ധ ആവശ്യമുള്ള നാല് തടാകങ്ങളായി ഗെപാൻ, വാസുകി, കാഷാങ്, ബാസ്പയ്ക്ക് സമീപമുള്ള ഒരു തടാകം എന്നിവയെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഹിമാനികളിലെ മഞ്ഞുരുകലിനൊപ്പം പെർമാഫ്രോസ്റ്റ് ഉരുകുന്നതും മലനിരകളുടെ സ്ഥിരതയെ ബാധിക്കാമെന്നാണ് പഠനത്തിലെ മുന്നറിയിപ്പ്. ഹിമാനികളിൽ അടിഞ്ഞുകൂടുന്ന പൊടിയും മലിനീകരണവും മഞ്ഞുരുകൽ വേഗത്തിലാക്കുന്ന ഘടകങ്ങളായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.