‘സിനിമ പോലെയാണ് ഭരണം’; വിജയിനെതിരെ സ്റ്റാലിന്റെ വിമർശനം

 
National

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി തുടരുന്ന രാഷ്ട്രീയ വാക്പോരിനിടെ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ രൂക്ഷ വിമർശനം. നിയമസഭയിലെ തന്റെ പ്രസംഗത്തിനിടെ വിജയ് നടത്തിയതായി വ്യാഖ്യാനിക്കപ്പെട്ട താടിയെല്ല് ആംഗ്യത്തെ ചൊല്ലിയുള്ള വിവാദത്തിലാണ് സ്റ്റാലിൻ മറുപടിയുമായി രംഗത്തെത്തിയത്. 

അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം താൻ നേരിട്ട അറസ്റ്റും ജയിൽവാസവും പരാമർശിച്ച സ്റ്റാലിൻ, അന്നത്തെ അനുഭവങ്ങൾ ഡിഎംകെയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു. തന്റെ താടിയെല്ലിന് പരിക്കേറ്റ സംഭവവും അദ്ദേഹം ഓർമിപ്പിച്ചു. വിജയ് നടത്തിയ ആംഗ്യം അതുമായി ബന്ധപ്പെടുത്തി വിമർശനം ഉയർന്നിരുന്നു. 

അതേസമയം, ആംഗ്യം മനഃപൂർവമല്ലെന്നും ആരുടെയും വികാരങ്ങളെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും വിജയ് നേരത്തെ വിശദീകരിച്ചിരുന്നു. നിയമസഭയിലെ പ്രസംഗത്തിനിടെ ഉണ്ടായ ശരീരഭാഷ സ്വാഭാവികമായുണ്ടായതാണെന്നും വ്യക്തിപരമായി ആരെയും ലക്ഷ്യമിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വിജയ് ഭരണനിർവഹണത്തേക്കാൾ സാമൂഹികമാധ്യമങ്ങളിലെ റീലുകൾക്കും പ്രചാരണങ്ങൾക്കും പ്രാധാന്യം നൽകുന്നുവെന്ന വിമർശനവും സ്റ്റാലിൻ ഉന്നയിച്ചു. നിയമസഭയെ റീലുകൾ ചിത്രീകരിക്കുന്ന വേദിയാക്കി മാറ്റരുതെന്നും ഭരണകാര്യങ്ങൾ സിനിമാ ചിത്രീകരണം പോലെയാകരുതെന്നും അദ്ദേഹം പരിഹസിച്ചു. ഭരണത്തിലെ പോരായ്മകൾ മറച്ചുവയ്ക്കാനാണ് ഇത്തരം പ്രചാരണങ്ങളെന്നും സ്റ്റാലിൻ ആരോപിച്ചു. 

മുഖ്യമന്ത്രിയുടെ പദവിക്ക് അനുയോജ്യമായ പക്വതയും മാന്യതയും വാക്കുകളിലും ശരീരഭാഷയിലും ഉണ്ടാകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. അതേസമയം, രാഷ്ട്രീയ വിമർശനങ്ങൾ വ്യക്തിപരമായ വൈരാഗ്യമായി കാണുന്നില്ലെന്നും “എല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നില്ല” എന്ന നിലപാടും അദ്ദേഹം വ്യക്തമാക്കി.