മലിനീകരണത്തിനെതിരെ ഹരിതമാതൃക; ഇന്ത്യയിലെ ആദ്യ കാർബൺ ഗാർഡൻ ഡൽഹി സർവകലാശാലയിൽ
വായുമലിനീകരണവും മണ്ണിന്റെ ഗുണനിലവാരത്തകർച്ചയും നേരിടാൻ പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പുതിയ മാതൃകയുമായി ഡൽഹി സർവകലാശാല. സർവകലാശാലയിലെ ബോട്ടണി വിഭാഗത്തിൽ ഇന്ത്യയിലെ ആദ്യ കാർബൺ ഗാർഡൻ ഉദ്ഘാടനം ചെയ്തു. നഗരപരിസ്ഥിതിയിൽ ഹരിത ഇടങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന്റെ മാതൃക കൂടിയാണ് പുതിയ സംരംഭം.
ഏകദേശം 2,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കാർബൺ ഗാർഡൻ ഒരുക്കിയിരിക്കുന്നത്. ഔഷധസസ്യങ്ങൾ, കുറ്റിച്ചെടികൾ, മരങ്ങൾ തുടങ്ങി ഏകദേശം 50 ഇനം സസ്യങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവിധ സസ്യങ്ങളെയും സൂക്ഷ്മജീവികളെയും ഒരുമിച്ച് ഉൾപ്പെടുത്തി ചെറിയൊരു ജൈവവൈവിധ്യ പാർക്ക് എന്ന രീതിയിലാണ് ഗാർഡൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്യാനും മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും നഗരത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കാനും ഗാർഡൻ സഹായിക്കുകയാണ് ലക്ഷ്യം. ആൽഗ, ഫംഗസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികളും പദ്ധതിയുടെ ഭാഗമാണ്. സസ്യങ്ങളും സൂക്ഷ്മജീവികളും ചേർന്ന് നഗരപരിസ്ഥിതിയിൽ പ്രകൃതിദത്തമായ ഒരു പരിസ്ഥിതി സംവിധാനമായി പ്രവർത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
കാർബൺ ഗാർഡൻ ഉദ്ഘാടനം ചെയ്ത ഡൽഹി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. യോഗേഷ് സിങ്, മലിനീകരണ പ്രശ്നം അടിയന്തരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഡൽഹി ‘മലിനീകരണത്തിന്റെ തലസ്ഥാനം’ ആയി മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പരിസ്ഥിതി പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യ മാത്രം പോരെന്നും സുസ്ഥിരമായ പരിഹാരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലയിലെ മറ്റ് വിഭാഗങ്ങളിലും കോളജുകളിലും സമാനമായ കാർബൺ ഗാർഡനുകൾ ഒരുക്കണമെന്ന് വൈസ് ചാൻസലർ ആവശ്യപ്പെട്ടു. ചെറിയ സ്ഥലത്തുപോലും ശാസ്ത്രീയമായി ആസൂത്രണം ചെയ്ത ഹരിത ഇടങ്ങൾക്ക് നഗരപരിസ്ഥിതിയിൽ പ്രാധാന്യമുണ്ടെന്ന സന്ദേശമാണ് ഈ സംരംഭം നൽകുന്നത്. ഡൽഹിയിലെ മലിനീകരണ പ്രതിസന്ധിക്ക് പ്രകൃതിയോട് ചേർന്നുള്ള പരിഹാരങ്ങൾ കണ്ടെത്താനുള്ള പരീക്ഷണമായി കാർബൺ ഗാർഡൻ ശ്രദ്ധ നേടുകയാണ്.