ഡൽഹി റെയിൽവേ സ്റ്റേഷനിൽ ജിഎസ്ടി തട്ടിപ്പോ?

ലോഞ്ച് ബില്ലിലെ 'അസാധുവായ ജിഎസ്ടി നമ്പർ' ചൂണ്ടിക്കാട്ടി യാത്രക്കാരിയുടെ പരാതി
 
Nat

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ എസി ലോഞ്ചിൽ നിന്ന് ലഭിച്ച ബില്ലിൽ അസാധുവായ ജിഎസ്ടി (GST) നമ്പർ രേഖപ്പെടുത്തിയിരുന്നുവെന്ന യാത്രക്കാരിയുടെ ആരോപണം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്ക് വഴിവെച്ചു. ട്രെയിൻ വൈകിയതിനെ തുടർന്ന് ലോഞ്ച് ഉപയോഗിച്ച വനിതാ യാത്രക്കാരി ബില്ലിലെ ജിഎസ്ടി നമ്പർ സർക്കാർ പോർട്ടലിൽ പരിശോധിച്ചപ്പോൾ അത് അസാധുവാണെന്ന് കണ്ടെത്തിയതായും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായും റിപ്പോർട്ടുകളുണ്ട്. 

യാത്രക്കാരിയുടെ സംഘത്തിൽ ഏകദേശം 25 പേരുണ്ടായിരുന്നു. ഇവർക്ക് നൽകിയ ബില്ലുകളിൽ ചിലതിൽ ശരിയായ ജിഎസ്ടി നമ്പർ ഉണ്ടായിരുന്നപ്പോൾ മറ്റുചില ബില്ലുകളിൽ അസാധുവായ നമ്പറാണ് രേഖപ്പെടുത്തിയിരുന്നതെന്ന് പരാതിയിൽ പറയുന്നു. വിഷയം ചൂണ്ടിക്കാട്ടിയപ്പോൾ നമ്പർ പിന്നീട് തിരുത്താമെന്നാണ് ലോഞ്ച് ജീവനക്കാർ മറുപടി നൽകിയതെന്നും യാത്രക്കാരി ആരോപിച്ചു. ഇതോടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയർന്നു. 

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ അധികൃതർ രംഗത്തെത്തി. പരാതി പരിശോധിച്ചതായും ലോഞ്ച് നടത്തിപ്പുകാരൻ നിയമാനുസൃതമായ ജിഎസ്ടി അടയ്ക്കുന്നുണ്ടെന്നും ബില്ലുകൾ സാധുവായ ജിഎസ്ടി നമ്പറോടെയാണ് നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി. വിഷയത്തിൽ ആവശ്യമായ പരിശോധന നടത്തിയതായും യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച കാരണങ്ങൾ പരിശോധിച്ചുവരികയാണെന്നും റെയിൽവേ അറിയിച്ചു.