2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് കേന്ദ്രം രാജ്യസഭയിൽ

 
GST
GST

ന്യൂഡൽഹി: 2,000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യസഭയിൽ കേന്ദ്രം ഇക്കാര്യം അറിയിച്ചു.

2,000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി സഭയെ അറിയിച്ചു. കേന്ദ്രം, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത അംഗങ്ങൾ ഉൾപ്പെടുന്ന ഭരണഘടനാ സ്ഥാപനമായ ജിഎസ്ടി കൗൺസിലിന്റെ ശുപാർശകൾ അനുസരിച്ചാണ് ജിഎസ്ടി നിരക്കുകളും ഇളവുകളും തീരുമാനിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2,000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ എന്തെങ്കിലും നീക്കമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കർണാടക സംസ്ഥാന വാണിജ്യ നികുതി വകുപ്പ് ഏകദേശം 6,000 ചെറുകിട വ്യാപാരികൾക്ക് നോട്ടീസ് നൽകിയതിന്റെ പശ്ചാത്തലത്തിലാണിത്. നോട്ടീസിനെ തുടർന്ന് വ്യാപാരികൾ യുപിഐ ബഹിഷ്‌കരിക്കാൻ തുടങ്ങി. മുൻകാല പ്രാബല്യത്തോടെ നികുതി ചുമത്താനുള്ള നോട്ടീസ് പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിനെത്തുടർന്ന് വ്യാപാരികൾ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.