സർവകലാശാലാ ക്യാംപസിൽ മതപരമായ ചടങ്ങുകൾക്ക് നിരോധനം വേണമെന്ന് ഗുജറാത്ത് പ്രൊഫസർ
ഗുജറാത്തിലെ വഡോദരയിലെ മഹാരാജ സയാജിറാവു സർവകലാശാലയിൽ മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് പ്രൊഫസർ വൈസ് ചാൻസലർക്ക് കത്തയച്ചു. ആരതി, പൂജ, കഥ തുടങ്ങിയ മതചടങ്ങുകളും ക്യാംപസിലെ മതചിഹ്നങ്ങളുടെയും വിഗ്രഹങ്ങളുടെയും പരസ്യപ്രദർശനവും നിരോധിക്കണമെന്നാണ് ആവശ്യം.
സർവകലാശാലയിലെ ബിരുദ വിദ്യാർഥികളുടെ ഓറിയന്റേഷൻ പരിപാടിക്കിടെ സരസ്വതി ദേവിയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിക്കുകയും സംസ്കൃത ശ്ലോകങ്ങൾ ചൊല്ലുകയും ചെയ്ത ചടങ്ങിൽ പങ്കെടുക്കാൻ പ്രൊഫസർ വിസമ്മതിച്ചതോടെയാണ് വിഷയം ശ്രദ്ധ നേടിയത്. പൊതുസർവകലാശാലയുടെ ഔദ്യോഗിക വേദിയിൽ ഇത്തരം മതചടങ്ങുകൾ നടത്തുന്നത് ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ക്യാംപസുകളിൽ മതപരമായ ചടങ്ങുകളുടെ സാന്നിധ്യം ക്രമേണ വർധിച്ചുവരികയാണെന്നും പ്രൊഫസർ ആരോപിച്ചു. പുതിയ കെട്ടിടങ്ങളുടെയും ലബോറട്ടറികളുടെയും ഉദ്ഘാടനങ്ങൾ പോലും ചിലപ്പോൾ മതചടങ്ങുകളായി മാറുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർവകലാശാലകൾ തുറന്ന ചിന്തയ്ക്കും വ്യത്യസ്ത ആശയങ്ങളെ ചോദ്യം ചെയ്യുന്നതിനുമുള്ള ഇടങ്ങളായിരിക്കണമെന്നും അതിനാൽ വ്യക്തികളുടെ മതവിശ്വാസങ്ങൾ പൊതുസർവകലാശാലയിൽ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
അതേസമയം, സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ ഭനാഗെ കത്തിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും താൻ യാത്രയിലാണെന്നും പ്രതികരിച്ചു. മതചടങ്ങുകൾ സംബന്ധിച്ച പ്രൊഫസറുടെ ആവശ്യം ഇനി സർവകലാശാലയിൽ വലിയ ചർച്ചയ്ക്ക് വഴിവെക്കുമെന്നാണ് സൂചന.