കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട രേഖകൾ ചോർന്നെന്ന ഹാക്കർമാരുടെ അവകാശവാദം

ഭാഗിക ഡാറ്റാ ചോർച്ച സ്ഥിരീകരിച്ച് റിലയൻസ്
 
National

തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ ഡാർക്ക് വെബിൽ പുറത്തുവിട്ടെന്ന ഹാക്കർ സംഘത്തിന്റെ അവകാശവാദത്തിന് പിന്നാലെ, തങ്ങളുടെ സെർവറിൽ ഭാഗിക ഡാറ്റാ ചോർച്ച ഉണ്ടായതായി അനിൽ അംബാനി ഗ്രൂപ്പിലെ റിലയൻസ് സ്ഥിരീകരിച്ചു. മൂന്നാംകക്ഷി ഡാറ്റാ സെന്റർ സേവനദാതാവായ യോട്ട നിയന്ത്രിച്ചിരുന്ന സെർവറിലാണ് ചോർച്ച ഉണ്ടായതെന്നും സംഭവം കേന്ദ്ര സർക്കാരിനെ അറിയിച്ചതായും കമ്പനി അറിയിച്ചു. 

'വേൾഡ് ലീക്സ്' (World Leaks) എന്ന റാൻസംവെയർ സംഘം ഏകദേശം 19,000 രേഖകൾ ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ചതായി അവകാശപ്പെട്ടു. ഇതിൽ കൂടംകുളം ആണവനിലയത്തിന്റെ മൂന്നും നാലും യൂണിറ്റുകളുമായി ബന്ധപ്പെട്ട വെന്റിലേഷൻ, കൂളിങ് സംവിധാനങ്ങളുടെ രൂപരേഖകൾ, ഉപകരണ പരിശോധനാ റിപ്പോർട്ടുകൾ, വിതരണക്കാരുടെ വിവരങ്ങൾ, ഇൻഷുറൻസ് രേഖകൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ആണവ റിയാക്ടറിന്റെ പ്രധാന സാങ്കേതിക രൂപകൽപനയോ നിർണായക നിയന്ത്രണ സംവിധാനങ്ങളോ ചോർന്നതായി തെളിവില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

സംഭവത്തിൽ CERT-Inയും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോർന്ന രേഖകൾ ആണവനിലയത്തിന്റെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും, അനുബന്ധ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സുരക്ഷാ ഭീഷണി ഉയർത്താൻ ഇടയാക്കാമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.