കോൺഗ്രസുമായി ഒരു ബന്ധവുമില്ല...": ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടിഎംസി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത
കൊൽക്കത്ത: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ കോൺഗ്രസുമായി പാൻ ഇന്ത്യാ സഖ്യത്തെ കുറിച്ച് ആലോചിക്കൂ എന്നും അവർ പറഞ്ഞു. ഈ പ്രഖ്യാപനം ഇന്ത്യാ ബ്ലോക്കിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.
കോൺഗ്രസുമായി എനിക്ക് യാതൊരു ബന്ധവുമില്ല... ഞങ്ങൾ ഒറ്റയ്ക്ക് പോരാടും (ഒപ്പം) തിരഞ്ഞെടുപ്പിന് ശേഷം അഖിലേന്ത്യാ തലത്തിൽ തീരുമാനിക്കുമെന്നും അവർ പറഞ്ഞു. സീറ്റ് വിഭജനം തൃണമൂൽ കോൺഗ്രസുമായി ചർച്ച ചെയ്യുന്നുവെന്ന് ഇന്നലെ ഭാരത് ജോഡോ ന്യായ യാത്രയിൽ രാഹുൽ ഗാന്ധി പറഞ്ഞതിന് പിന്നാലെയാണ് മമത നിലപാട് വ്യക്തമാക്കിയത്.
ബംഗാളിൽ കോൺഗ്രസുമായും സിപിഎമ്മുമായും സഖ്യത്തിന് തയ്യാറാണെന്നും എന്നാൽ ഇരു പാർട്ടികളും അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നും മമത പറഞ്ഞിരുന്നു.
ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളിലേക്ക് കടക്കാനിരിക്കെയാണ് മമതയുടെ നിലപാട് എന്നതും ശ്രദ്ധേയമാണ്. രാഹുലിന്റെ യാത്രയെ കുറിച്ച് തന്നെ അറിയിച്ചില്ലെന്നും അവർ പറഞ്ഞു. അവർ എന്റെ സംസ്ഥാനത്തേക്ക് വരുന്നുണ്ട്... പക്ഷെ എന്നെ അറിയിക്കാനുള്ള മര്യാദ ഉണ്ടായില്ല... അവർ മാധ്യമങ്ങളോട് പറഞ്ഞു.