അരുണാചലിൽ കനത്ത മൺസൂൺ ദുരന്തം; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മൂന്ന് പേരെ കാണാതായി

 
Nat

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് ഉണ്ടായ മിന്നൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മൂന്ന് പേരെ കാണാതായി. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായതോടെ ജനജീവിതം താറുമാറായി. ദേശീയപാതകളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതവും സാരമായി തടസ്സപ്പെട്ടു. 

കേയി പനിയോർ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 18 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. അതേസമയം, പശ്ചിമ കാമെങ് ജില്ലയിലെ കലക്താങ് മേഖലയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് വെള്ളപ്പൊക്കത്തിന് പിന്നാലെ കാണാതായത്. രക്ഷാപ്രവർത്തകർ ഇവർക്കായി തിരച്ചിൽ തുടരുകയാണ്. 

കനത്ത മഴയെ തുടർന്ന് ദേശീയപാതകളിൽ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായതോടെ നിരവധി വാഹനങ്ങൾ വഴിമധ്യേ കുടുങ്ങി. റോഡുകളിൽ അടിഞ്ഞുകൂടിയ മണ്ണും പാറക്കല്ലുകളും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പും ദുരന്തനിവാരണ സേനയും സംയുക്തമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ വിവിധ നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കനത്ത മഴ ഇനിയും തുടരുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള മേഖലകളിൽ പ്രത്യേക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.