കനത്ത മഴ; താനെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു

 
National

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ കനത്ത മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് തുടരുന്ന സാഹചര്യത്തിൽ എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം ജില്ലാ ഭരണകൂടം താൽക്കാലികമായി നിരോധിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. 

വെള്ളച്ചാട്ടങ്ങൾ, കോട്ടകൾ, അണക്കെട്ടുകൾ, തടാകങ്ങൾ, നദീതീരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് നിരോധനം ബാധകമാകുക. അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് താനെ ജില്ലയിൽ വ്യാപക വെള്ളക്കെട്ടും മരം വീഴ്ചയും അടക്കമുള്ള നിരവധി ദുരന്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തമായ മഴ ഇനിയും തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഭരണകൂടം നിർദേശിച്ചു. 

അതേസമയം, മുംബൈ, താനെ, സമീപ ജില്ലകൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ദുരന്തനിവാരണ സേനയെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. മഴയും ശക്തമായ കാറ്റും തുടരാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.