കനത്ത മഴ; ഹരിദ്വാറിൽ ഗംഗ മുന്നറിയിപ്പ് ജലനിരപ്പിന് സമീപം, പ്രളയ ജാഗ്രത ശക്തമാക്കി
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് ഹരിദ്വാറിലെ ഗംഗാ നദിയിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയോട് അടുത്തതോടെ പ്രളയ മുന്നൊരുക്കങ്ങൾ ശക്തമാക്കി. നദീതീരങ്ങളിലെ എല്ലാ പ്രളയ നിരീക്ഷണ കേന്ദ്രങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.
ഉച്ചയോടെ ഗംഗയിലെ ജലനിരപ്പ് 292.55 മീറ്ററിലെത്തിയതായും ഇത് 293 മീറ്ററെന്ന മുന്നറിയിപ്പ് നിലയിൽ നിന്ന് വെറും 45 സെന്റിമീറ്റർ താഴെയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഹരിദ്വാറിൽ വ്യാഴാഴ്ച രാവിലെ മുതൽ പെയ്യുന്ന ശക്തമായ മഴ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടിന് കാരണമായി. പ്രധാന റോഡുകളിലും മാർക്കറ്റ് പ്രദേശങ്ങളിലുമടക്കം ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. രാണിപുർ മോർ ഉൾപ്പെടെയുള്ള മേഖലകളിൽ സ്ഥിതി കൂടുതൽ ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
ഉത്തരാഖണ്ഡിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നദീതീരങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഭരണകൂടം നിർദേശിച്ചു.