കനത്ത മഴയും മണ്ണിടിച്ചിലും; ചാർധാം യാത്ര താൽക്കാലികമായി നിർത്തിവെച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയും വ്യാപകമായ മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ചാർധാം തീർഥാടനയാത്ര താൽക്കാലികമായി നിർത്തിവെച്ചു. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ ഈ മുൻകരുതൽ നടപടി സ്വീകരിച്ചത്. ചുവപ്പും ഓറഞ്ചും ജാഗ്രതാ മുന്നറിയിപ്പുകൾ വിവിധ ജില്ലകളിൽ തുടരുന്ന സാഹചര്യത്തിൽ പുതിയ തീർഥാടകരെ യാത്രാമാർഗങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നില്ല.
ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലേക്കുള്ള പാതകളിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലും പാറവീഴ്ചയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകൾ തടസപ്പെട്ടതോടെ ഗതാഗതവും തീർഥാടനവും പ്രതികൂലമായി ബാധിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി യാത്ര പുനരാരംഭിക്കുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാന ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. കാലാവസ്ഥ മെച്ചപ്പെട്ടതിനും പാതകൾ സുരക്ഷിതമാണെന്ന് ഉറപ്പായതിനും ശേഷമേ തീർഥാടനയാത്ര വീണ്ടും അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.