കനത്ത മഴയിൽ ഡൽഹി-NCR; വിമാന സർവീസുകൾ താറുമാറായി, റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും
ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും കനത്ത മഴയെ തുടർന്ന് ജനജീവിതം താറുമാറായി. നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും വെള്ളം കയറിയതോടെ വിമാന സർവീസുകളെയും മഴ ബാധിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലെത്തേണ്ട 11 വിമാനങ്ങൾ ജയ്പൂർ, ലഖ്നൗ, അഹമ്മദാബാദ്, ചണ്ഡിഗഢ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. നൂറുകണക്കിന് വിമാനങ്ങൾ വൈകുകയും ചെയ്തു.
വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും സമീപപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതോടെ യാത്രക്കാർക്ക് വിമാനത്താവളത്തിലെത്താനും ബുദ്ധിമുട്ടുണ്ടായി. ടെർമിനൽ പരിസരത്തും വെള്ളം കെട്ടിനിന്നതായി റിപ്പോർട്ടുകളുണ്ട്.
കോണാട്ട് പ്ലേസ്, അക്ബർ റോഡ്, ലജ്പത് നഗർ, മയൂർ വിഹാർ, ദ്വാരക തുടങ്ങിയ മേഖലകളിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തു. ഡൽഹിക്ക് പുറമെ ഗുരുഗ്രാം ഉൾപ്പെടെയുള്ള NCR പ്രദേശങ്ങളിലും ഗതാഗതം മന്ദഗതിയിലായി.
കൂടുതൽ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകളും നൽകി. ഇടിമിന്നലും ശക്തമായ കാറ്റിനുമൊപ്പം മഴ തുടരാൻ സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളും അടിപ്പാതകളും ഒഴിവാക്കാൻ അധികൃതർ നിർദേശം നൽകി.