ഡൽഹിയിൽ കനത്ത മഴ; ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത, റെഡ് അലർട്ട്

 
Rain

ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വെള്ളിയാഴ്ച ശക്തമായ മഴ. കനത്ത മഴയും ഇടിമിന്നലും തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡൽഹിക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ മഴ ശക്തമായതോടെ വെള്ളക്കെട്ടും ഗതാഗത തടസ്സവും റിപ്പോർട്ട് ചെയ്തു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഐഎംഡിയുടെ പ്രവചനമനുസരിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഡൽഹിയിൽ മിതമായതുമുതൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ശനിയാഴ്ചയും ഡൽഹിയിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. മോശം കാലാവസ്ഥ വിമാന സർവീസുകളെയും ബാധിച്ചതായി റിപ്പോർട്ടുണ്ട്.