മഹാരാഷ്ട്രയിൽ കനത്ത മഴ; റായ്ഗഡിൽ പ്രളയത്തിൽ ഒഴുകിപ്പോയത് 3,000 എൽപിജി സിലിണ്ടറുകൾ, അതീവ ജാഗ്രതാ നിർദേശം
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ എച്ച്പിസിഎല്ലിന്റെ (HPCL) പാതാൾഗംഗ എൽപിജി ബോട്ടിലിംഗ് പ്ലാന്റിൽ നിന്ന് ഏകദേശം 3,000 പാചകവാതക സിലിണ്ടറുകൾ ഒഴുകിപ്പോയി. പ്ലാന്റിന്റെ സംരക്ഷണഭിത്തി തകർന്നതോടെയാണ് പ്രളയജലം അകത്ത് കയറി സിലിണ്ടറുകൾ പാതാൾഗംഗ നദിയിലേക്കും സമീപ ജലാശയങ്ങളിലേക്കും ഒഴുകിപ്പോയത്.
ഒഴുകിപ്പോയ സിലിണ്ടറുകളിൽ നിറച്ചതും ഒഴിഞ്ഞതുമായവ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. സിലിണ്ടറുകൾ കൈകാര്യം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യരുതെന്ന് ജില്ലാ ഭരണകൂടം പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. ചോർച്ചയോ തീപിടിത്തമോ സ്ഫോടനമോ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നിർദേശം.
അതേസമയം, ചിലയിടങ്ങളിൽ നദിയിൽ ഒഴുകിയെത്തിയ സിലിണ്ടറുകൾ ആളുകൾ ശേഖരിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. സിലിണ്ടറുകൾ കണ്ടെത്തുന്നവർ ഉടൻ അധികൃതരെ അറിയിക്കണമെന്നും അപകടസാധ്യതയുള്ളതിനാൽ അവയിൽ തൊടരുതെന്നും ജില്ലാ ഭരണകൂടം വീണ്ടും അഭ്യർഥിച്ചു. നഷ്ടമായ സിലിണ്ടറുകൾ കണ്ടെത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി രക്ഷാപ്രവർത്തനം തുടരുകയാണ്.