മുംബൈയിൽ അതിശക്തമായ മഴ; വർക്ക് ഫ്രം ഹോം നിർദേശം, സ്കൂളുകൾക്ക് അവധി, 90 കി.മീ. വേഗത്തിൽ കാറ്റിന് മുന്നറിയിപ്പ്
മുംബൈ: അതിശക്തമായ മഴയും മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുമുള്ള സാഹചര്യത്തിൽ മുംബൈയിൽ ജാഗ്രത ശക്തമാക്കി. പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സ്വകാര്യ സ്ഥാപനങ്ങളോട് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ മഹാരാഷ്ട്ര സർക്കാർ നിർദേശം നൽകി.
കനത്ത മഴയെ തുടർന്ന് മുംബൈയിലെ സർക്കാർ, സ്വകാര്യ, എയ്ഡഡ് സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. സർവകലാശാല പരീക്ഷകളിൽ ചിലതും മാറ്റിവെച്ചിട്ടുണ്ട്.
അതിശക്തമായ മഴ കാരണം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും റോഡ്, റെയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടുകയും ചെയ്തു. വിമാന സർവീസുകളിലും വൈകലും യാത്രാ തടസ്സങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുംബൈ, താനെ, റായ്ഗഡ് ഉൾപ്പെടെയുള്ള മേഖലകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും തീരപ്രദേശങ്ങളിലും വെള്ളക്കെട്ടുള്ള ഇടങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ദുരന്തനിവാരണ സേനയെയും തദ്ദേശ സ്ഥാപനങ്ങളെയും സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു. മഴയുടെ തീവ്രത അടുത്ത മണിക്കൂറുകളിലും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.