നിർത്താതെ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം; 48 മണിക്കൂർ വരെ കാത്തിരിപ്പ്, നേപ്പാളിൽ ദുരിതം തുടരുന്നു
കാഠ്മണ്ഡു: പ്രളയത്തിൽ തകർന്ന നേപ്പാളിലെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനാകാത്ത സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന്റെ പ്രധാന ആശ്രയമായി സൈനിക ഹെലികോപ്റ്ററുകൾ. റാസുവ, നുവാകോട്ട് മേഖലകളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഹെലികോപ്റ്ററുകൾ തുടർച്ചയായി സർവീസ് നടത്തുകയാണ്.
രക്ഷപ്പെടുത്തിയവരെ ധുൻചെയിലെ സൈനിക ഹെലിപാഡിൽ എത്തിച്ചശേഷം കാഠ്മണ്ഡുവിലേക്ക് മാറ്റുകയാണ്. ഇവിടെ രക്ഷപ്പെട്ടവരും പ്രദേശവാസികളും ഉൾപ്പെടെ വലിയ നിരയാണ് രൂപപ്പെട്ടിരിക്കുന്നത്. ഹെലികോപ്റ്ററിൽ കയറാനുള്ള അവസരത്തിനായി ചിലർ 24 മുതൽ 48 മണിക്കൂർ വരെ കാത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്.
പ്രളയത്തിൽ നിരവധി റോഡുകളും പാലങ്ങളും പൂർണമായും തകർന്നതോടെ ദുരിതബാധിത മേഖലകളിൽനിന്ന് പുറത്തുകടക്കാനുള്ള പ്രധാന മാർഗം സൈനിക ഹെലികോപ്റ്ററുകളാണ്. ഉയർന്ന പ്രദേശങ്ങളിൽ കുടുങ്ങിയവർക്കാണ് രക്ഷാപ്രവർത്തനത്തിൽ മുൻഗണന നൽകുന്നത്.
റാസുവ, നുവാകോട്ട് ജില്ലകളിലെ 11 ജലവൈദ്യുത പദ്ധതികളിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിലും തുടരുകയാണ്. 897 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്നാണ് സ്വകാര്യ ജലവൈദ്യുത പദ്ധതി ഉടമകളുടെ സംഘടനയായ ഐപിപിഎഎൻ വ്യക്തമാക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ള തുരങ്ക വിദഗ്ധരും നേപ്പാളിലെത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 26ന് ഹിമാലയൻ അതിർത്തി മേഖലയിൽ മഞ്ഞും പാറകളും തകർന്നതിനെ തുടർന്നുണ്ടായ അതിശക്തമായ മിന്നൽപ്രളയമാണ് വൻ നാശം വിതച്ചത്. വീടുകൾക്കും വാഹനങ്ങൾക്കും റോഡുകൾക്കും പാലങ്ങൾക്കും പുറമെ നിരവധി ജലവൈദ്യുത പദ്ധതികൾക്കും കനത്ത നാശനഷ്ടമുണ്ടായി. ആയിരത്തിലധികം പേർ മരിക്കുകയും ആയിരക്കണക്കിന് പേരെ കാണാതാകുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.