30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ; ഫെംഗൽ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ നിന്ന് പുറത്തേക്ക്

ചെന്നൈ: ഫെങ്കൽ ചുഴലിക്കാറ്റ് പുതുച്ചേരി തീരത്ത് നിന്ന് ക്രമേണ പുറത്തുകടക്കുന്നു, തമിഴ്‌നാട്ടിൽ നിന്ന് ഉടൻ പുറപ്പെടും. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചുഴലിക്കാറ്റ് പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുകയും ഒടുവിൽ ദുർബലമാവുകയും ചെയ്യും. വടക്കൻ തമിഴ്നാട്ടിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പുതുച്ചേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ പുതുച്ചേരി, കടലൂർ, വില്ലുപുരം മേഖലകളിൽ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒമ്പത് പേർ മരിച്ചു. സംസ്ഥാനത്തെ പല ആശുപത്രികളിലും വീടുകളിലും വെള്ളം കയറി. അതേസമയം ചെന്നൈ വിമാനത്താവളം ഞായറാഴ്ച തുറന്ന് പ്രവർത്തനം പുനരാരംഭിച്ചു.
മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഞായറാഴ്ച ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. തമിഴ്നാട് പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്. തമിഴ്നാട്ടിലെ റെഡ് അലർട്ട് പിൻവലിച്ചു. തലസ്ഥാന നഗരിയിലെ പല മേഖലകളിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തതോടെ മെട്രോപൊളിറ്റൻ നഗരമായ ചെന്നൈ വെള്ളത്തിനടിയിലായി.
നിരവധി സബർബൻ ട്രെയിൻ സർവീസുകളും നിർത്തിവച്ചു. കഴിഞ്ഞ 30 വർഷത്തിനിടെ പുതുച്ചേരി കണ്ട ഏറ്റവും ഉയർന്ന മഴയാണിത്. സൈന്യം രക്ഷാപ്രവർത്തനം തുടരുകയാണ്.ഞായറാഴ്ച സംസ്ഥാനത്ത് ഇരുന്നൂറോളം പേരെ എൻഡിആർഎഫ് രക്ഷപ്പെടുത്തി.