ഡൽഹിയിൽ ഹിറ്റ് ആൻഡ് റൺ; മെഴ്‌സിഡീസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ആഡംബര കാർ ഡ്രൈവർ അറസ്റ്റിൽ
 
National

ഡൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന ഹിറ്റ് ആൻഡ് റൺ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ ആഡംബര മെഴ്‌സിഡീസ് കാർ ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ രക്ഷപ്പെട്ട പ്രതിയെ പിന്നീട് അന്വേഷണത്തിലൂടെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. 

ജൂലൈ 5-ന് ജഹാംഗീർപുരി ബസ് സ്റ്റാൻഡിന് സമീപം ഔട്ടർ റിങ് റോഡിലായിരുന്നു അപകടം. അമിതവേഗത്തിൽ എത്തിയ മെഴ്‌സിഡീസ് കാർ സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദീപക് എന്ന 29-കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സിസിടിവി ദൃശ്യങ്ങളും പി.സി.ആർ. കോളിലൂടെ ലഭിച്ച വിവരങ്ങളും അടിസ്ഥാനമാക്കി ഹരിയാന രജിസ്ട്രേഷനുള്ള മെഴ്‌സിഡീസ് കാർ പൊലീസ് കണ്ടെത്തി. വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമയ്ക്ക് നോട്ടീസ് നൽകിയതിനെ തുടർന്ന് അപകടസമയത്ത് കാർ ഓടിച്ചിരുന്നത് അൻഷ് പ്രതാപ് സിംഗ് ആണെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. 

അപകടവുമായി ബന്ധപ്പെട്ട് അശ്രദ്ധമായ ഡ്രൈവിംഗും മരണത്തിന് ഇടയാക്കിയതുമായ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.