‘പൊതുപണം എങ്ങനെയാണ് വ്യക്തിപരമാകുന്നത്?’
ചീഫ് ഇലക്ഷൻ കമ്മിഷണർ (CEC) ഗ്യാനേഷ് കുമാറിന്റെ യാത്രകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം (RTI) നൽകാത്ത തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോകലേ. പൊതുപണം ചെലവഴിച്ച യാത്രകളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ എന്തിനാണ് തിരഞ്ഞെടുപ്പ് കമ്മിഷന് മടിയെന്നാണ് ഗോകലേ ചോദിച്ചത്.
ഗ്യാനേഷ് കുമാറിന്റെ വിവിധ യാത്രകളുമായി ബന്ധപ്പെട്ട ചെലവുകൾ, യാത്ര ചെയ്ത സ്ഥലങ്ങൾ, യാത്രയുടെ ഔദ്യോഗിക ആവശ്യകത തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ട് ഗോകലേ RTI അപേക്ഷ നൽകിയിരുന്നു. എന്നാൽ വിവരങ്ങൾ നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വിസമ്മതിച്ചതായാണ് റിപ്പോർട്ട്.
‘പൊതുപണം എങ്ങനെയാണ് വ്യക്തിപരമായ വിവരമാകുന്നത്?’ എന്നായിരുന്നു ഗോകലേയുടെ പ്രതികരണം. പൊതുജനങ്ങളുടെ പണത്തിൽ നിന്നുള്ള ചെലവുകൾ സംബന്ധിച്ച വിവരങ്ങൾ സുതാര്യമായി പുറത്തുവിടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ചീഫ് ഇലക്ഷൻ കമ്മിഷണറുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനങ്ങളും അവലോകന യോഗങ്ങളും നടത്തിയിരുന്നു. കേരളത്തിലും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയിരുന്നു.