നേപ്പാൾ പ്രളയബാധിതരുടെ വേദന കണ്ടുനിൽക്കാനായില്ല

10 വയസ്സുകാരൻ പിഗ്ഗി ബാങ്കിലെ സമ്പാദ്യം ദുരിതാശ്വാസത്തിനായി നൽകി
 
National

ലഖ്‌നൗ: നേപ്പാളിലെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരുടെ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് ഉത്തർപ്രദേശിലെ കുശിനഗറിൽ നിന്നുള്ള 10 വയസ്സുകാരൻ തന്റെ ഒരു വർഷത്തെ സമ്പാദ്യം ദുരിതാശ്വാസത്തിനായി നൽകി. മൂന്നാം ക്ലാസ് വിദ്യാർഥിയായ അൽഫാസ് ഷെയ്ഖാണ് പിഗ്ഗി ബാങ്കുമായി ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെത്തിയത്. 

യൂട്യൂബിലൂടെ നേപ്പാളിലെ പ്രളയത്തിന്റെ ദൃശ്യങ്ങൾ കണ്ട അൽഫാസ് ദുരിതബാധിതരെ സഹായിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് തന്റെ സമ്പാദ്യം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാനുള്ള ആഗ്രഹം മുത്തച്ഛനോട് അറിയിക്കുകയും ചെയ്തു. 

കുടുംബത്തോടൊപ്പം ജില്ലാ മജിസ്ട്രേറ്റ് മഹേന്ദ്ര സിങ് തൻവാറിനെ കണ്ട അൽഫാസ് പിഗ്ഗി ബാങ്ക് അദ്ദേഹത്തിന് കൈമാറി. ഈ പണം ദുരിതാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിച്ച് പ്രളയബാധിതരെ സഹായിക്കാൻ ഉപയോഗിക്കണമെന്ന് കുട്ടി അഭ്യർഥിച്ചു. 

കുട്ടിയുടെ കരുണയും മനുഷ്യത്വപരമായ സമീപനവും ജില്ലാ മജിസ്ട്രേറ്റ് അഭിനന്ദിച്ചു. തന്റെ ചെറിയ സമ്പാദ്യം പോലും ദുരിതമനുഭവിക്കുന്നവർക്കായി നൽകാൻ തയ്യാറായ അൽഫാസിന്റെ നടപടി സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടി. 

ഓഗസ്റ്റ് 26ന് ചൈന–നേപ്പാൾ അതിർത്തിയിൽ ഉണ്ടായ പ്രളയത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിരവധി പേർ മരിക്കുകയും ആയിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തിലാണ് അൽഫാസിന്റെ സഹായഹസ്തം ശ്രദ്ധേയമായത്.