'എന്റെ സഹോദരങ്ങളെയും സഹോദരിമാരെയും എനിക്ക് നഷ്ടമായി'; കരൂർ ദുരന്തത്തെ കുറിച്ച് വികാരാധീനനായി മുഖ്യമന്ത്രി വിജയ്

 
Vijay

കരൂരിൽ നടന്ന തിക്കിലും തിരക്കിലും 41 പേർ മരിച്ച ദുരന്തത്തെ ഓർത്ത് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വികാരാധീനനായി. ദുരന്തത്തിൽ ജീവൻ നഷ്ടമായവരെ തന്റെ "സഹോദരങ്ങളും സഹോദരിമാരും" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ആ വേദന ഒരിക്കലും മറക്കാനാകില്ലെന്നും അവരുടെ കുടുംബങ്ങൾക്കൊപ്പം സർക്കാർ എല്ലായ്പ്പോഴും ഉണ്ടാകുമെന്നും പറഞ്ഞു. 

കരൂരിലെ സന്ദർശനത്തിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നിയമന ഉത്തരവുകൾ കൈമാറിയ ശേഷമാണ് വിജയ് വികാരനിർഭരമായ പ്രസംഗം നടത്തിയത്. ദുരന്തത്തിൽ ജീവൻ നഷ്ടമായ ഓരോരുത്തരുടെയും കുടുംബത്തിന്റെ ദുഃഖം തന്റെ വ്യക്തിപരമായ നഷ്ടമാണെന്നും, "എനിക്ക് എന്റെ സഹോദരങ്ങളെയും സഹോദരിമാരെയും നഷ്ടമായി" എന്ന വാക്കുകളിലൂടെ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. 

ദുരന്തത്തിന് ശേഷം സർക്കാർ നഷ്ടപരിഹാരത്തിനപ്പുറം ദീർഘകാല പുനരധിവാസ നടപടികളാണ് സ്വീകരിക്കുന്നതെന്നും, കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ തൊഴിൽ നൽകുന്നതടക്കമുള്ള നടപടികൾ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതബാധിത കുടുംബങ്ങളുടെ ക്ഷേമം സർക്കാർ തുടർന്നും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണ പരിധിയിലാണ്. മുഖ്യമന്ത്രിയുടെ സന്ദർശനവും കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചയും അന്വേഷണത്തെ സ്വാധീനിച്ചേക്കാമെന്ന പ്രതിപക്ഷ ആരോപണങ്ങൾ സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.