‘എനിക്ക് നിങ്ങളുടെ സഹായം വേണം’; അഴിമതിയും അനീതിയും തുടരുന്നു, ‘സമാധാനപരമായ വിപ്ലവത്തിന്’ ആഹ്വാനം ചെയ്ത് സോനം വാങ്ചുക്
രാജ്യത്ത് അഴിമതിയും അനീതിയും തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ നേതൃത്വത്തിൽ വലിയ മാറ്റം ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ‘സമാധാനപരമായ വിപ്ലവത്തിന്’ ആഹ്വാനം ചെയ്തത്.
2047ൽ ഇന്ത്യയെ കൂടുതൽ ശക്തവും ബഹുമാനിക്കപ്പെടുന്നതുമായ രാഷ്ട്രമാക്കണമെങ്കിൽ നിലവിലെ സംവിധാനത്തിൽ കാര്യമായ മാറ്റങ്ങൾ ആവശ്യമാണെന്ന് വാങ്ചുക് പറഞ്ഞു. ഇതിനായി രാജ്യത്തിന് സ്വാർത്ഥതയില്ലാത്ത, ധൈര്യശാലികളായ, മൂല്യങ്ങളും വ്യക്തിത്വവുമുള്ള നേതാക്കളെ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ പാർട്ടികളെ ലക്ഷ്യമിട്ടുള്ള പ്രചാരണമല്ല തന്റെ ആഹ്വാനമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ നിലവാരം പ്രധാനമാണെന്നും, ജനങ്ങൾ തന്നെ ഇത്തരം മാറ്റത്തിന് മുന്നിട്ടിറങ്ങണമെന്നുമാണ് വാങ്ചുകിന്റെ നിലപാട്.
ഇന്ത്യയുടെ ‘രണ്ടാം സ്വാതന്ത്ര്യ സമരത്തിന്’ സമാനമായ ഒരു ജനകീയ മുന്നേറ്റമാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്. രാജ്യത്തിന്റെ ഭാവിക്കായി പ്രവർത്തിക്കാൻ കഴിയുന്ന സത്യസന്ധരും കഴിവുള്ളവരുമായ വ്യക്തികളുടെ പേരുകൾ നിർദേശിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസമാണ് രാജ്യത്തിന്റെ പുരോഗതിയുടെ അടിത്തറയെന്നും വാങ്ചുക് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ മാറ്റത്തിനൊപ്പം വിദ്യാഭ്യാസ രംഗത്തും അടിസ്ഥാനപരമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 2047ഓടെ ഇന്ത്യയുടെ ഭാവിക്ക് പുതിയ ദിശ നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.