ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 10ന് ഡൽഹിയിൽ സമരം

ജന്തർ മന്തറിലേക്ക് മാർച്ച് പ്രഖ്യാപിച്ച് സി.ജെ.പി
 
CJP

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 10ന് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജന്താ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ചു. സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ ഡൽഹിയിലേക്ക് എത്തുമെന്നും അദ്ദേഹം അറിയിച്ചു.

വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടപടികളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ചാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി പ്രതിഷേധം നടത്തുന്നത്. ഒക്ടോബർ രണ്ടിന് മുംബൈയിലെ ശിവാജി പാർക്കിൽ സംഘടന പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഡൽഹിയിലെ ജന്തർ മന്തറിൽ വീണ്ടും സമരം പ്രഖ്യാപിച്ചത്.

ഒക്ടോബർ 10ലെ പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് ദിപ്കെ പറഞ്ഞു. ഗ്യാനേഷ് കുമാർ രാജിവെക്കാത്ത പക്ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ ഡൽഹിയിലെത്തുമെന്നും ജന്തർ മന്തറിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

അതേസമയം, എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിട്ടുണ്ട്. വോട്ടർപട്ടികയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ മുഴുവൻ കമ്മീഷനും ഏകകണ്ഠമായാണ് എടുത്തതെന്നാണ് കമ്മീഷന്റെ നിലപാട്.