'മന്ത്രി രാജിവെച്ചില്ലെങ്കിൽ ചർച്ചയില്ല'; കേന്ദ്രവുമായി അവസാനഘട്ട ചർച്ചയ്ക്ക് മുമ്പ് നിലപാട് കടുപ്പിച്ച് സിജെപി

 
National

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായുള്ള നിർണായക മൂന്നാംഘട്ട ചർച്ചയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ സിജെപി (CJP) നിലപാട് കൂടുതൽ കടുപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ ഇനി ചർച്ചയ്ക്ക് അർഥമില്ലെന്നും, അദ്ദേഹത്തിന്റെ രാജി സംഘടനയുടെ ചർച്ച ചെയ്യാനാകാത്ത പ്രധാന ആവശ്യമായി തുടരുമെന്നും സിജെപി വക്താവ് അശുതോഷ് റങ്ക വ്യക്തമാക്കി. 

പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരായ നിയമനടപടികൾ ഒഴിവാക്കുക, ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ രണ്ട് ആവശ്യങ്ങളിൽ കേന്ദ്രം തത്വത്തിൽ അനുകൂല നിലപാട് അറിയിച്ചതായി സി‍ജെപി വ്യക്തമാക്കി. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. 

മൂന്നാംഘട്ട ചർച്ചയിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെക്കുറിച്ച് വ്യക്തമായ തീരുമാനം പ്രതീക്ഷിക്കുന്നതായി സി‍ജെപി അറിയിച്ചു. രാജി സംബന്ധിച്ച് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും ആവശ്യമെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.