ഇനിയും നാണമുണ്ടെങ്കിൽ മാപ്പ് പറയണം’; വന്ദേമാതരം വിവാദത്തിൽ കോൺഗ്രസിനെതിരെ അമിത് ഷാ
ന്യൂഡൽഹി: വന്ദേമാതരം ആലപിക്കുന്നതിനിടെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഗാനം നിർത്താൻ ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഭവത്തിൽ കോൺഗ്രസ് ജനങ്ങളോടും വന്ദേമാതരം രചിച്ച ബാങ്കിംചന്ദ്ര ചട്ടോപാധ്യായയുടെ ആത്മാവിനോടും മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ ചിത്തോർഗഢിൽ നടന്ന പരിപാടിയിലാണ് അമിത് ഷാ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. സ്വാതന്ത്ര്യദിനത്തിൽ കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ഗാനം നിർത്താൻ ആവശ്യപ്പെട്ടുവെന്നാണ് അമിത് ഷായുടെ ആരോപണം.
വന്ദേമാതരം പാടിയതിന്റെ പേരിൽ സ്വാതന്ത്ര്യസമരകാലത്ത് ആയിരക്കണക്കിന് ആളുകൾ ബ്രിട്ടീഷുകാരുടെ വെടിയേറ്റും ലാത്തിയടിയേറ്റും ജയിലിലായെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. വന്ദേമാതരത്തെ കോൺഗ്രസ് അവഹേളിച്ചെന്നും വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ പാർട്ടി ദേശീയഗാനത്തെ മറന്നെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, അമിത് ഷായുടെ ആരോപണം കോൺഗ്രസ് നിഷേധിച്ചു. വന്ദേമാതരം നിർത്താൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടില്ലെന്നും ഏറെ നേരം നിന്നിരുന്ന ഖാർഗെയ്ക്ക് ഇരിക്കാൻ കസേര ഒരുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സോണിയയുടെ ആംഗ്യമെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം.