അനധികൃത നിർമാണവും സുരക്ഷാ വീഴ്ചകളും
ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കെട്ടിടവുമായി ബന്ധപ്പെട്ട് വിരമിച്ച ഇന്ത്യൻ വ്യോമസേനാ സർജന്റ് ഹരിറാം ഗുപ്ത, ഭാര്യ ഉർമിള ഗുപ്ത, മകൻ മഹേഷ് ഗുപ്ത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം, അനധികൃതമായി കൂട്ടിച്ചേർത്ത നിലകൾ, നവീകരണ പ്രവർത്തനങ്ങൾ എന്നിവയാണ് അന്വേഷണത്തിന്റെ പ്രധാന കേന്ദ്രം.
ഏകദേശം 55 വർഷം പഴക്കമുള്ള കെട്ടിടത്തിൽ അടിസ്ഥാന ഘടന സംബന്ധിച്ച വീഴ്ചകളുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. വൈദ്യുതി രേഖകളിൽ രണ്ട് നിലകൾ മാത്രമാണ് കാണിച്ചിരുന്നതെങ്കിലും കെട്ടിടത്തിൽ അഞ്ച് നിലകളുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തൂണുകളുടെയും ബീമുകളുടെയും അഭാവവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
കെട്ടിടത്തിന്റെ ബേസ്മെന്റിൽ വെള്ളക്കെട്ടും ചോർച്ചയും പരിഹരിക്കുന്നതിനായി നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. വിദ്യാർഥികളുടെ പരാതിയെ തുടർന്നാണ് അറ്റകുറ്റപ്പണി ആരംഭിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ബേസ്മെന്റിൽ നിർമാണ സാമഗ്രികൾ ഉപയോഗിച്ച് ഭാഗം നികത്തുന്നതിനിടെയാണ് കെട്ടിടം തകർന്നതെന്നും പൊലീസ് പരിശോധിക്കുന്നു.
കെട്ടിടം ‘ഹോസ്റ്റൽ ഡെയ്‌സ്’ എന്ന പേരിൽ ആൺകുട്ടികളുടെ പേയിങ് ഗസ്റ്റ് താമസസൗകര്യമായി പ്രവർത്തിച്ചുവരികയായിരുന്നു. ഹരിറാമും മകൻ മഹേഷുമാണ് കെട്ടിടത്തിന്റെ നടത്തിപ്പിൽ പങ്കാളികളായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഹോസ്റ്റൽ നടത്തിപ്പുകാരെയും നിർമാണ കരാറുകാരനെയും കണ്ടെത്തി അവരുടെ പങ്കും അന്വേഷിച്ചുവരികയാണ്.
അതിനിടെ, സംഭവത്തിൽ ഏഴുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 12 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കെട്ടിടത്തിന്റെ പരിപാലനത്തിലെ അനാസ്ഥ, മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കൽ, കുറ്റകരമായ നരഹത്യ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അഞ്ച് എംസിഡി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.