നിയമവിരുദ്ധ കുടിയേറ്റം; യുഎസ് നാടുകടത്തിയ 11 ഇന്ത്യക്കാർക്ക് ഇഡി നോട്ടീസ് നൽകി, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു

 
ED direcor

ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തിന് യുഎസ് നാടുകടത്തിയ 11 ഇന്ത്യക്കാർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഡങ്കി റൂട്ട്‌സ് വഴി ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് ആളുകളുടെ നിയമവിരുദ്ധ കുടിയേറ്റത്തിന് സൗകര്യമൊരുക്കുന്ന ഏജന്റുമാരെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡിയുടെ നടപടി.

പഞ്ചാബിൽ നിന്നുള്ള പത്ത് പേർക്കും ഹരിയാനയിൽ നിന്നുള്ള ഒരാൾക്കും ഇഡി നോട്ടീസ് അയച്ചു. ഇഡിയുടെ ജലന്ധർ ഓഫീസിൽ ഹാജരാകാൻ ഇഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. നിയമവിരുദ്ധ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 15 ഏജന്റുമാർക്കെതിരായ കേസിന്റെ ഭാഗമായാണ് അന്വേഷണം.

അതേസമയം, സൈനിക വിമാനങ്ങൾ വഴി അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് യുഎസ് നിർത്തിവച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഉയർന്ന ചെലവ് മൂലമാണ് ഈ നീക്കമെന്ന് പറയപ്പെടുന്നു. ഇതിനോട് യുഎസ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. നാടുകടത്തലിനായി സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത് വളരെക്കാലത്തേക്ക് നിർത്തിവച്ചേക്കാമെന്ന് ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് 1 നാണ് അവസാനമായി നാടുകടത്തലിനായി ഒരു സൈനിക വിമാനം ഉപയോഗിച്ചത്.

ജനുവരിയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷം യുഎസ് അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാൻ തുടങ്ങി. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ അത്തരം കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ എത്തിയിട്ടുണ്ട്.