മധ്യപ്രദേശിൽ ഡാമിന്റെ തൂണുകൾ ചാടിക്കടന്ന് സ്കൂളിലേക്ക്
മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ സ്കൂളിലെത്താൻ കുട്ടികൾ ഡാമിന്റെ കോൺക്രീറ്റ് തൂണുകൾ ചാടിക്കടന്ന് നദി മുറിച്ചുകടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അപകടം നിറഞ്ഞ ഈ യാത്രയുടെ വീഡിയോ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്.
വിദിഷ ജില്ലയിലെ കക്രൗവ ഗ്രാമത്തിലെ കുട്ടികളാണ് ദിവസവും ബെത്വാ നദിയിലെ ചെക്ക് ഡാമിന്റെ ഇടുങ്ങിയ തൂണുകളിലൂടെ സ്കൂളിലെത്തുന്നത്. ദൈർഘ്യമേറിയ മറ്റൊരു വഴി ഒഴിവാക്കാനാണ് ഇവർ ഈ അപകടകരമായ പാത തിരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സ്കൂൾ ബാഗുകളുമായി ഒരു തൂണിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുന്ന കുട്ടികളുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.
വീഡിയോ വൈറലായതോടെ കുട്ടികൾക്കായി സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രദേശത്ത് പാലമോ സുരക്ഷിതമായ വഴിയോ ഒരുക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം.